തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു (Kottarakkara Accident). മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നീലേശ്വരം മുക്കോണിമുക്കിൽ ദാരുണ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കുടവട്ടൂർ സ്വദേശി ഹരിലാൽ, ഓയൂർ കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പാർഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടിപ്പർ ലോറി ഡ്രൈവറായ നിസാമിന് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർടിഒ ദിലു അറിയിച്ചു. കൂടാതെ വാഹനത്തിലെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാക്കിയ നിലയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
17 വർഷം പഴക്കമുള്ള ടിപ്പർ ലോറിയാണ് അപകടത്തിന് കാരണമായത്. മുൻകാലങ്ങളിൽ നിരവധി നിയമലംഘനങ്ങൾ നടത്തിയതിനും വാഹനം പിടിയിലായിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary:
The Kerala government has announced ₹5 lakh compensation each to the families of three people killed in the Kottarakkara tipper lorry accident. The government will also bear the medical expenses of those injured in the incident.

