തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദം നടന്നു.(CM VD Satheesan Clashes With Opposition Over Budget and PM SHRI Scheme)
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് പദ്ധതി പിൻവലിക്കാൻ ആണോയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. ആർഎസ്എസ് അജണ്ടകൾക്ക് വഴങ്ങുന്നതാണ് ഈ പദ്ധതിയെന്ന് ആരോപിച്ച മുഖ്യമന്ത്രി, മുൻ ഇടതുപക്ഷ സർക്കാർ ഇത്തരമൊരു പദ്ധതിയുടെ വിളക്ക് കൊളുത്തിയവരാണെന്നും പരിഹസിച്ചു. എന്നാൽ പദ്ധതി തങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നും, ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു.
എസ്എസ്കെ (SSK) ഫണ്ട് കേന്ദ്രം തടഞ്ഞത് കൊണ്ടാണ് ഒപ്പിടേണ്ടി വന്നതെന്ന് പിണറായി വിശദീകരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ധവളപത്രം കേവലമൊരു രാഷ്ട്രീയ വിമർശനമല്ല, ആധികാരിക രേഖയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ ഖജനാവ് നിറയ്ക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. വയോജന സംരക്ഷണം, പാഠ്യപദ്ധതി പരിഷ്കരണം, പുതിയ തൊഴിൽ കോഴ്സുകൾ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ ബജറ്റിൽ ഒരിടത്തും നിർദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയെയും സപ്ലൈകോയെയും ലാഭകരമാക്കാൻ നൂതന മാനേജ്മെന്റ് രീതികൾ നടപ്പിലാക്കും. എൽഡിഎഫ് ഭരണകാലത്ത് കടക്കെണിയിലായ കെഎസ്ഇബിയെ ലാഭത്തിലെത്തിക്കുമെന്നും, വൈദ്യുതി ചാർജ് വർധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കരിമണൽ സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭത്തിലൂടെ വാല്യൂ അഡിഷൻ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ എവിടെയാണ് പരാമർശമുള്ളതെന്ന് പരിശോധിക്കാൻ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. കേരളത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന കാഴ്ചപ്പാട് മുഖ്യമന്ത്രി പങ്കുവെച്ചു. നിക്ഷേപകരെ ആകർഷിക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും, പദ്ധതികൾ അനാവശ്യമായി വൈകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ പ്രതിപക്ഷ ബഹളമുണ്ടായെങ്കിലും, സർക്കാർ നയം വിശദീകരിക്കുന്നതിൽ മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
Story Summary
Chief Minister V.D. Satheesan faced a heated confrontation with Opposition Leader Pinarayi Vijayan in the Assembly over the PM SHRI scheme. Alongside this, the CM defended his budget, rejecting allegations of privatization and emphasizing plans for public sector efficiency and private investment to boost the state’s economy.

