തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയെ നിയന്ത്രിക്കാൻ സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. ലഹരിക്കെതിരെ ബഹുജന മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.(Operation Toofan Intensifies As Home Minister Reports Over 3000 Arrests In Kerala)
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാര്യക്ഷമമായ അന്വേഷണത്തിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന നിലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പെൺകുട്ടികളിലും ലഹരി ഉപയോഗം വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും, പലപ്പോഴും ബാഗ് പരിശോധനകളിലൂടെയാണ് ഇത് തിരിച്ചറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നത് തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ട് ചർച്ച നടത്തിവരുന്നു. അന്തർസംസ്ഥാന ലഹരി ശൃംഖലകൾ തകർക്കാൻ സംസ്ഥാന ഡി.ജി.പിമാർ തമ്മിൽ സംയുക്തമായി നീക്കങ്ങൾ ശക്തമാക്കിയതായും ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു.
ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാൻ സാധിക്കില്ലെന്നും, ഇതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Home Minister Ramesh Chennithala informed the Legislative Assembly that the state’s ‘Operation Toofan’ is actively targeting drug mafias, resulting in 3,176 arrests across 2,954 cases. Highlighting the alarming rise in drug use among youth and the need for inter-state cooperation to cut supply lines, the Minister called for a collective, non-partisan effort to eliminate this menace.

