മണിരത്നം സംവിധാനം ചെയ്ത് വലിയ വിജയമായ ‘പൊന്നിയിൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ വെളിപ്പെടുത്തലുമായി താരം ആര്യ രംഗത്ത് (Arya Ponniyin Selvan). വളരെ കാലം മുൻപ് തന്നെ മണിരത്നം പൊന്നിയിൻ സെൽവൻ പ്ലാൻ ചെയ്തിരുന്നതായും, അന്ന് ചിത്രത്തിൽ കാസ്റ്റ് ചെയ്തത് തന്നെയും വിജയ്, മഹേഷ് ബാബു എന്നിവരെയും ആയിരുന്നുവെന്നും ആര്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. കരിയറിൽ താൻ ചെയ്യാൻ കഴിയാതെ പോയ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ആര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.
ആര്യയുടെ വാക്കുകൾ:
“അന്ന് ഞങ്ങളെ വെച്ച് പ്ലാൻ ചെയ്ത ആ പ്രൊജക്റ്റ് പിന്നീട് നടക്കാതെ പോവുകയായിരുന്നു. ഡേറ്റിന്റെ പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. ആ പ്രൊജക്റ്റ് പിന്നീട് ഷെൽഫ് ചെയ്യുകയായിരുന്നു. ഞങ്ങൾക്കായി പ്ലാൻ ചെയ്ത് ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് മണി സാർ മറ്റ് താരങ്ങളെ വെച്ച് ഈ ചിത്രം വീണ്ടും ചെയ്തത്. ആദ്യത്തെ കോമ്പിനേഷൻ തന്നെ പിന്നീട് പൂർണ്ണമായും മാറിപ്പോയി,” ആര്യ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഏതായാലും മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ ഈ ചിത്രം പിന്നീട് മികച്ച താരനിരയെ വെച്ച് രണ്ട് ഭാഗങ്ങളിലായി വൻ വിജയമായി മാറുകയായിരുന്നു.
അതേസമയം, ആര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘അനന്തൻകാട്’. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ബി. അജനീഷ് ലോക്നാഥാണ് നിർവഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ആര്യയുടെ ഈ പുതിയ ചിത്രത്തെ നോക്കിക്കാണുന്നത്.
Summary: Actor Arya has revealed that Mani Ratnam had originally planned his magnum opus ‘Ponniyin Selvan’ with him, Vijay, and Mahesh Babu in the lead roles. During a recent interview, Arya stated that the project was shelved for nearly a decade before it was eventually revived with a different cast. While expressing no regrets over his career choices, he highlighted that the original plan featured a completely different star combination.

