ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ സ്വന്തം സഹോദരനെയും കുടുംബത്തെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി (Gorakhpur Triple Murder). ബൻസ്‌ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബലുവ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. സഹോദരൻ അമിത് ഗുപ്ത, ഭാര്യ രഞ്ജന, മൂന്ന് വയസ്സുള്ള മകൻ രേയാൻഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൗമാരക്കാരൻ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന പിതാവ് നിലവിളി കേട്ടെത്തിയപ്പോഴാണ് മകനും മരുമകളും കൊച്ചുമകനും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കൊലപാതകം നടത്തിയ ശേഷം ആയുധവുമായി പുറത്തിറങ്ങിയ ഇളയ മകനെ പിതാവ് നേരിൽ കാണുകയും അയൽവാസികളെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒളിച്ചിരുന്ന പ്രതിയെ രക്തക്കറ പുരണ്ട ആയുധവുമായി പിടികൂടി. പ്രാഥമിക അന്വേഷണത്തിൽ കുടുംബം നടത്തിയിരുന്ന കടയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചനയുണ്ടെങ്കിലും കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: A 16-year-old boy has been arrested for allegedly hacking his elder brother, sister-in-law, and three-year-old nephew to death in Balua village, Gorakhpur. The incident occurred while the victims were sleeping, and the motive is suspected to be a family dispute over a shop. Police recovered the murder weapon from the juvenile, and a formal investigation is underway.

