തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി കലണ്ടർ തയ്യാറാക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈ-പവർ കമ്മിറ്റി. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.(Kerala to adopt Epidemic Calendar for proactive disease prevention)
വർഷം തോറും ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് അതത് മാസങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തണം. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ലഭ്യമാക്കും. സ്കൂൾ അസംബ്ലികളിലും പാഠ്യപദ്ധതിയിലും പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടുത്താൻ ആലോചനയുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണം. മഴക്കാലപൂർവ്വ ശുചീകരണം വീടുകളിൽ നിന്നും വ്യക്തിഗത തലത്തിൽ നിന്നും തന്നെ ആരംഭിക്കണം. ആരോഗ്യവകുപ്പിന്റെ വിവര പോർട്ടലുകൾ കൂടുതൽ ജനകീയമാക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നും കൃത്യമായ രോഗവിവരങ്ങൾ ശേഖരിച്ച് ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തണം.
ജില്ലാ കോ-ഓർഡിനേറ്റർമാർ, ആശാവർക്കർമാർ എന്നിവർ വഴി കൃത്യമായ ആരോഗ്യ വിവരങ്ങൾ ജനങ്ങളിലെത്തിക്കും. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ആശാവർക്കർമാരെ ഫീൽഡ് തലത്തിൽ സജീവമാക്കും. ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്താൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും.
Story Summary
To proactively combat recurring infectious diseases in Kerala, a high-power committee has recommended the implementation of an ‘Epidemic Calendar’ to plan seasonal preventive measures in advance. The comprehensive proposal emphasizes inter-departmental coordination, the integration of preventive awareness into school curricula, stricter hygiene monitoring of food establishments, and the active involvement of ASHA workers in field-level enforcement.

