ന്യൂഡൽഹി: വിവാദങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് നീറ്റ് (NEET) പുനഃപരീക്ഷ ഇന്ന് നടക്കുന്നു. സുതാര്യമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകി ദേശീയ പരീക്ഷ ഏജൻസി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. രാജ്യത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഉച്ചയ്ക്ക് 2 മുതൽ 5.15 വരെ നടക്കുന്ന പരീക്ഷ എഴുതുന്നത്.(NEET re-examination to be held under stringent security measures)
മുൻപ് നടന്ന പരീക്ഷയിലെ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് എൻടിഎ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5440 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല പൂർണ്ണമായും അർദ്ധസൈനിക വിഭാഗങ്ങൾക്കാണ്. വ്യോമസേനയുടെ വിമാനങ്ങളിലായാണ് ചോദ്യപേപ്പറുകൾ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചത്.
1.5 ലക്ഷം സിസിടിവി ക്യാമറകൾ വഴി എൻടിഎയുടെ പ്രത്യേക സംഘം പരീക്ഷാ കേന്ദ്രങ്ങൾ തത്സമയം നിരീക്ഷിക്കും. 51,000 സിഗ്നൽ ജാമറുകളും കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ടര ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയും 15,000 അർദ്ധസൈനികരെയും സുരക്ഷയ്ക്കായി വിന്യസിച്ചു. കൂടാതെ 674 സിറ്റി കോർഡിനേറ്റർമാരും 6,669 നിരീക്ഷകരും പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടം വഹിക്കും. സോഷ്യൽ മീഡിയ നിരീക്ഷണത്തിനായി പ്രത്യേക ഹൈ-ലെവൽ മോണിറ്ററിങ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് രാവിലെ 11 മണി മുതൽ 1.30 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം വെക്കണം. നിയമവിരുദ്ധമായ യാതൊരു പ്രവൃത്തികളും പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമായി മാറിയ ഈ പുനഃപരീക്ഷ, യാതൊരു വീഴ്ചയുമില്ലാതെ പൂർത്തിയാക്കേണ്ടത് സർക്കാരിന്റെ നിലനിൽപ്പിനും അനിവാര്യമാണ്.
Story Summary
With record-breaking security measures, NEET re-examination is underway today for approximately 23 lakh students nationwide. Following previous concerns over irregularities, the NTA has deployed paramilitary forces, utilized military air transport for exam papers, and installed extensive CCTV and signal jamming technology to ensure a transparent and secure testing environment.

