കൊൽഹാപുർ: മഹാരാഷ്ട്രയിലെ ശിവസേനയിൽ ഇനി വിഭാഗീയതകളില്ലെന്നും, ഏകനാഥ് ഷിൻഡെ നയിക്കുന്ന ഒരേയൊരു ശിവസേന മാത്രമേയുള്ളൂ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽഹാപുറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Amit Shah Declares Eknath Shinde Led Shiv Sena As The Only Faction)
“നേരത്തെ ഞങ്ങൾ ശിവസേനയെ ഷിൻഡെ വിഭാഗം എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയൊരു വിഭാഗമില്ല. ഏകനാഥ് ഷിൻഡെ നയിക്കുന്ന യഥാർത്ഥ ശിവസേന മാത്രമാണ് ഇപ്പോഴുള്ളത്,” അമിത് ഷാ പറഞ്ഞു. കൊൽഹാപുരിലെ മാതാ അംബാബായി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികാസ് ഭി, വിരാസത് ഭി’ എന്ന ആശയത്തിന് അനുസൃതമായാണ് മഹാരാഷ്ട്രയിലെ പുണ്യസ്ഥലങ്ങളുടെ നവീകരണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയാണ് നിലവിൽ നേരിടേണ്ടി വരുന്നത്. ‘ഓപ്പറേഷൻ ടൈഗർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർട്ടിയിലെ കൂട്ടായ കൂറുമാറ്റം ഉദ്ധവ് പക്ഷത്തെ പ്രതിസന്ധിയിലാക്കി. പാർട്ടിയിലെ 9 ലോക്സഭാ അംഗങ്ങളിൽ 6 പേർ പാർട്ടി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. വിട്ടുനിന്ന എംപിമാർക്കെതിരെ ഉദ്ധവ് താക്കറെ പക്ഷം കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ലോക്സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായി എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
Story Summary
Union Home Minister Amit Shah declared that there is only one Shiv Sena, led by Eknath Shinde, dismissing the existence of separate factions. This statement comes amidst a deepening crisis for the Uddhav Thackeray-led Shiv Sena (UBT), as six of its nine Lok Sabha MPs skipped a crucial party meeting, facing potential disqualification under the Anti-Defection Law.

