പുണെ: പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കൾക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. ഗഹുഞ്ചെ സ്വദേശിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ 26-കാരൻ കേതൻ വിശാൽ അഗർവാൾ ആണ് ദാരുണമായി മരിച്ചത്. ഈ വരുന്ന നവംബറിൽ ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം.(Pune Man Dies After Falling From Lohagad Fort)
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേതൻ പ്രതിശ്രുത വധുവിനും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പം മാവൽ താലൂക്കിലെ ലോഹഗഡ് കോട്ടയിലെത്തിയത്. പ്രതിശ്രുത വധുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘം യാത്ര പ്ലാൻ ചെയ്തിരുന്നത്. രാവിലെ 10.30-ഓടെ കോട്ടയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട യുവാവ് ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നോക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞയുടൻ പോലീസും ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീമും സ്ഥലത്തെത്തി. ദുർഘടമായ പാതയിലൂടെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ കൊക്കയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഉദയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് വിവാഹം നടത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. കേതന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
Story Summary
A 26-year-old Pune man, Ketan Vishal Agarwal, tragically died after falling 400 feet into a gorge while taking photos at Lohagad Fort. He was visiting the fort with his fiance and friends to celebrate her birthday, just months before his scheduled wedding in November.

