തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(Union Budget is a declaration of war on Kerala, says MV Govindan)
എയിംസ് ഉൾപ്പെടെ കേരളം ഉന്നയിച്ച 29 പ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയുർവേദത്തിന്റെ പ്രധാന കേന്ദ്രമായ കേരളത്തെ തഴഞ്ഞ് മറ്റ് സംസ്ഥാനങ്ങളിൽ മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പ്രഖ്യാപിച്ചത് ഇതിന്റെ തെളിവാണ്. 7 അതിവേഗ റെയിൽ ഇടനാഴികളിൽ നിന്നും കേരളത്തെ ഒഴിവാക്കിയതിലൂടെ മെട്രോമാൻ ഇ. ശ്രീധരൻ പോലും നിരാശനാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അതിവേഗ റെയിൽ ഇടനാഴികളുടെ പട്ടികയിൽ കേരളം ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച അപൂർവ്വ ധാതു ഇടനാഴി പൊതുമേഖലയേക്കാൾ കൂടുതൽ സ്വകാര്യ മേഖലയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

