റാഞ്ചി: ജാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝാ പരാജയപ്പെട്ടതിന് പിന്നാലെ ഇൻഡ്യ സഖ്യത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തം. വോട്ടെടുപ്പിൽ സഖ്യകക്ഷികൾ വഞ്ചിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയപ്പോൾ, തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആർ.ജെ.ഡിയും സി.പി.ഐ (എം.എൽ) ലിബറേഷനും വ്യക്തമാക്കി.(INDIA Bloc Faces Internal Conflict After Jharkhand Rajya Sabha Poll Defeat)
സഖ്യത്തിന് ഉണ്ടായിരുന്ന 26 വോട്ടുകളിൽ 21 വോട്ട് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ഒരു വോട്ട് അസാധുവാകുകയും ചെയ്തു. ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) വോട്ടുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് രാജേഷ് താക്കൂർ ആരോപിച്ചു. ഇത് വലിയൊരു വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ ആരോപണം ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഭോല യാദവ് തള്ളി. ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും നിർദ്ദേശപ്രകാരം തങ്ങളുടെ നാല് എം.എൽ.എമാരും ഇൻഡ്യ സഖ്യത്തിന് തന്നെ വോട്ട് ചെയ്തെന്നും, വോട്ട് ചെയ്തത് താൻ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സ്വന്തം പാളയത്തിലെ വീഴ്ചകൾ പരിശോധിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഭോല യാദവ് കൂട്ടിച്ചേർത്തു. സമാനമായ നിലപാടാണ് സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യയും സ്വീകരിച്ചത്. തങ്ങളുടെ രണ്ട് എം.എൽ.എമാർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത് കൃത്യമായി പരിശോധിച്ചതാണെന്ന് അദ്ദേഹം അറിയിച്ചു.
എൻ.ഡി.എ ക്യാമ്പിൽ ആഘോഷം
കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ എൻ.ഡി.എ പിന്തുണയോടെ മത്സരിച്ച പരിമൾ നത്വാനി വിജയിച്ചത് ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ വിജയമായി. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) ബൈദ്യനാഥ് റാം സീറ്റ് നിലനിർത്തിയെങ്കിലും, സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് നത്വാനി വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എൻ.ഡി.എ പ്രവർത്തകർ വിജയാഘോഷം നടത്തി.
Story Summary
The defeat of Congress candidate Pranav Jha in the Jharkhand Rajya Sabha elections has triggered a blame game within the INDIA bloc, with Congress leaders alleging betrayal by alliance partners. RJD and CPI(ML)L have categorically denied these claims, asserting that their MLAs voted as per the alliance mandate and urging the Congress to investigate its own internal issues.

