വാഷിംഗ്ടൺ: ഇറാനുമായുള്ള പുതിയ കരാറിനെ ചൊല്ലി ഇസ്രായേൽ ഭരണകൂടത്തിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന ലോകത്തിലെ ഏക രാഷ്ട്രത്തലവൻ ഡൊണാൾഡ് ട്രംപ് മാത്രമാണെന്നും, ട്രംപിനെ വിമർശിക്കുന്ന ഇസ്രായേലി മന്ത്രിമാർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.(JD Vance Defends US Iran Deal And Issues Warning To Israel)
ഇറാനുമായുള്ള കരാർ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇറാനിലെ ആണവ-മിസൈൽ പദ്ധതികളെ കരാർ അഭിസംബോധന ചെയ്യുന്നില്ലെന്നും ഇസ്രായേൽ മന്ത്രിമാർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വാൻസ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
“ഇസ്രായേലിന് ലോകത്തുള്ള ഒരേയൊരു ശക്തമായ സഖ്യകക്ഷിയാണ് അമേരിക്ക. ഇസ്രായേലി മന്ത്രിസഭയിലുള്ളവർ തങ്ങളുടെ ഏക സഖ്യകക്ഷിയെ ആക്രമിക്കുന്നത് നിർത്തണം,” വാൻസ് പറഞ്ഞു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങളിൽ മൂന്നിൽ രണ്ടുഭാഗവും അമേരിക്കൻ നിർമ്മിതമാണെന്നും, അത് അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ചാണ് വാങ്ങുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്രായേലിന്റെ ഏറ്റവും വലിയ പ്രശ്നം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന് കരുതുന്നവർ യാഥാർത്ഥ്യം തിരിച്ചറിയണം. “ഏതെങ്കിലും രാജ്യത്തിന് എല്ലാ ദേശീയ സുരക്ഷാ പ്രശ്നങ്ങളും അക്രമത്തിലൂടെ പരിഹരിക്കാൻ സാധിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിൽ അതൃപ്തനാണെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ വാൻസ് തയ്യാറായില്ലെങ്കിലും, നെതന്യാഹുവിന്റെ മന്ത്രിസഭയിലെ അംഗങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
Story Summary
US Vice President JD Vance has firmly defended the US-Iran peace agreement, warning Israeli cabinet members against criticizing President Donald Trump, whom he described as Israel’s only remaining powerful ally. Vance emphasized America’s immense military and financial support for Israel while dismissing Israeli concerns about the deal’s effectiveness in curbing Iran’s nuclear ambitions.

