തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് (Mpox/വാനരവസൂരി) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവിനാണ് (38) രോഗം സ്ഥിരീകരിച്ചത് (Monkeypox Mpox confirmed case Thiruvananthapuram Kerala). അടുത്തിടെ സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതനെ നിലവിൽ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചു വരികയാണ്.
നേരത്തെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ മങ്കി പോക്സ് വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ഇതിനെ ‘ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ (PHEIC) പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ ഈ ആഗോള അടിയന്തരാവസ്ഥ പിൻവലിച്ചിട്ടുണ്ട്. ഇതിനുമുമ്പ് 2024 സെപ്റ്റംബറിൽ മലപ്പുറം എടവണ്ണയിൽ യു.എ.ഇയിൽ നിന്നെത്തിയ 38-കാരനും സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചിരുന്നു.
എന്താണ് മങ്കി പോക്സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു അപൂർവ്വ രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് പ്രധാനമായും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ അതിന്റെ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ വന്യമൃഗങ്ങളുമായി സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. ശരീരത്തിലുണ്ടാകുന്ന ക്ഷതങ്ങൾ, സ്രവങ്ങൾ, ശ്വസന തുള്ളികൾ (Respiratory Droplets), രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങൾ പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരാം.
പ്രധാന ലക്ഷണങ്ങൾ:
കടുത്ത പനി, തീവ്രമായ തലവേദന, കഴലവീക്കം (Lymph Nodes Swelling), വിട്ടുമാറാത്ത നടുവേദന, പേശി വേദന, കടുത്ത ഊർജക്കുറവും ക്ഷീണവും എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒന്നരയാഴ്ചയ്ക്കുള്ളിൽ ദേഹത്ത് ചെറിയ കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് സാധാരണയായി കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, മലദ്വാരം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ വ്യാപകമായി കാണപ്പെടാറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary: A case of Monkeypox (Mpox) has been confirmed in Kilimanoor, Thiruvananthapuram, in a 38-year-old individual who recently returned from Saudi Arabia. The patient is currently under isolation. Mpox is a viral zoonotic disease that spreads from infected animals to humans and through close person-to-person contact. Key symptoms include fever, severe headache, swollen lymph nodes, and distinctive rashes or blisters on the face and limbs. Health authorities have initiated contact tracing and safety measures.

