ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026-ൽ ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. പരിക്കേറ്റ വലതുകാലിൽ പുതിയ പരിശോധനകൾ നടത്തിയെങ്കിലും, താരം പരിശീലനത്തിന് ഇറങ്ങാത്തത് ആരാധകരെയും ടീം മാനേജ്മെന്റിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. (Neymar Injury Update)
മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബ്രസീൽ 1-1 എന്ന സ്കോറിന് സമനിലയിൽ കുടുങ്ങിയതോടെ, ആക്രമണനിരയിലെ പോരായ്മകൾ പരിഹരിക്കാൻ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്. മേയ് 17-ന് സാന്റോസിനായി കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. അതിനുശേഷം ഇതുവരെ അദ്ദേഹം പൂർണ്ണമായി ടീം പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. നോക്കൗട്ട് ഘട്ടത്തിലെങ്കിലും നെയ്മറിനെ പൂർണ്ണ കായികക്ഷമതയോടെ തിരികെ എത്തിക്കാനാണ് ബ്രസീലിന്റെ മെഡിക്കൽ സംഘം ശ്രമിക്കുന്നത്.
ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി നെയ്മറെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നാട്ടിൽ നടക്കുന്നത്. താരം തന്റെ മികച്ച ഫോമിലല്ലെന്നും, യുവതാരങ്ങൾക്ക് അവസരം നിഷേധിച്ചാണ് നെയ്മറെ ഉൾപ്പെടുത്തിയതെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, അനുഭവസമ്പത്തുള്ള ഒരു പ്ലേമേക്കർ ടീമിന് ആവശ്യമാണെന്ന് മറുവിഭാഗം വിശ്വസിക്കുന്നു. അതിനിടെ, ഗബ്രിയേൽ മഗലായെസ്, ബ്രൂണോ ഗ്വിമാരേസ്, റാഫിഞ്ഞ എന്നിവരും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനായി പ്രത്യേകം പരിശീലനം നടത്തി വരികയാണ്. വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ ഹൈറ്റിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഈ മത്സരത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Summary: Brazil’s World Cup campaign faces uncertainty as Neymar’s recovery from a right leg injury remains slow, forcing him to miss full training sessions. While the medical team hopes for his return by the knockout stages, his absence is heavily felt after Brazil’s lackluster draw against Morocco.

