2026 ഫിഫ ലോകകപ്പിന്റെ ആറാം ദിനം ഫുട്ബോൾ ആരാധകർക്ക് ആവേശം നിറയ്ക്കുന്നതാണ്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന, മുൻ റണ്ണറപ്പുകളായ ഫ്രാൻസ്, കൂടാതെ എർലിംഗ് ഹാലൻഡിന്റെ നോർവെ എന്നിവ ഇന്ന് മത്സരരംഗത്തിറങ്ങും (FIFA World Cup Day 6) ദിനത്തിലെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ നേരിടും. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് മത്സരത്തിൽ ഫേവറിറ്റുകളായാണ് ഇറങ്ങുന്നത്. 2022 ലോകകപ്പിൽ പ്രീക്വാർട്ടർ വരെ എത്തിയ സെനഗൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.
തുടർന്ന് ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തിൽ ഇറാഖ് നോർവെയെ നേരിടും. 1986ന് ശേഷം ലോകകപ്പിൽ തിരിച്ചെത്തുന്ന ഇറാഖിന് ഇത് നിർണായക മത്സരമാണ്. മറുവശത്ത്, സൂപ്പർതാരം എർലിംഗ് ഹാലൻഡിനെ മുൻനിർത്തി നോർവെ വിജയത്തോടെ തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ ദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം ഗ്രൂപ്പ് ജെയിൽ അർജന്റീനയും അൾജീരിയയും തമ്മിലാണ്. ലോകകപ്പ് ജേതാവായ ലയണൽ മെസി വീണ്ടും കളത്തിലിറങ്ങുമ്പോൾ ആരാധകരുടെ കണ്ണെല്ലാം അദ്ദേഹത്തിലായിരിക്കും. അർജന്റീനയ്ക്കായി 200-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്നതിന്റെ വക്കിലാണ് മെസി.
2022 ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തിയ മെസി, തന്റെ അവസാന ലോകകപ്പായേക്കാവുന്ന ടൂർണമെന്റിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച ഐസ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ മെസി മികച്ച ഫോമിലാണെന്ന് ടീം മാനേജ്മെന്റ് വിലയിരുത്തുന്നു.
ഇന്നത്തെ മത്സരക്രമം
- ഫ്രാൻസ് vs സെനഗൽ: 12:30 AM (ബുധനാഴ്ച)
- ഇറാഖ് vs നോർവെ: 3:30 AM (ബുധനാഴ്ച)
- അർജന്റീന vs അൾജീരിയ: 6:30 AM (ബുധനാഴ്ച)
Summary: FIFA World Cup 2026 Day 6 features some of the tournament’s biggest teams, including France, Norway and defending champions Argentina. Lionel Messi is set to return for Argentina and could earn his landmark 200th international cap against Algeria.

