ന്യൂഡൽഹി: 2026-ലെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയുടെയും ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു (UPSC Prelims Result). മെയ് 24-ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ 13,343 പേരെയാണ് മെയിൻ പരീക്ഷയിലേക്ക് തിരഞ്ഞെടുത്തത്. ഈ വർഷം 1,016 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (1,087 ഒഴിവുകൾ), ഒഴിവുകളുടെ എണ്ണത്തിലും യോഗ്യത നേടിയവരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്.
യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ജൂൺ 19 മുതൽ 28 വരെ UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റ് – upsconline.nic.in വഴി ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. മെയിൻ പരീക്ഷയിലേക്കുള്ള അപേക്ഷാ ഫീസ് (200 രൂപ), സ്ക്രൈബ് വിവരങ്ങൾ, കേഡർ മുൻഗണന തുടങ്ങിയവയാണ് ഈ കാലയളവിൽ സമർപ്പിക്കേണ്ടത്. ഫീസ് ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെട്ടവർക്ക് ഇതിൽ ഇളവുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ് ലഭിക്കുകയുള്ളൂ. എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികളും വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ സ്ഥിരീകരിക്കേണ്ടത് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവസാനിച്ചതിന് ശേഷം മാത്രമേ മാർക്ക്, കട്ട്-ഓഫ് മാർക്ക്, ഉത്തരസൂചിക എന്നിവ വെബ്സൈറ്റിൽ ലഭ്യമാവുകയുള്ളൂ.
Summary: The Union Public Service Commission (UPSC) has officially declared the results of the 2026 Civil Services Preliminary and Indian Forest Service (Main) Examinations held on May 24. A total of 13,343 candidates have qualified for the Civil Services (Main) Examination, competing for 1,016 vacancies. Qualified candidates must update their details, including scribe information and cadre preferences, on the UPSC online portal between June 19 and June 28, 2026, to generate their e-admit cards.

