ചെന്നൈ : സാക്ഷികൾ കൂറുമാറിയാലും ശാസ്ത്രീയ തെളിവുകൾക്ക് കോടതിയിൽ വലിയ പ്രാധാന്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ മുരുകന്റെ ശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ട്രയൽ കോടതി വിധിച്ച ജീവപര്യന്തം തടവ് 20 വർഷം കഠിനതടവായി ഹൈക്കോടതി കുറച്ചു.( Madras High Court upholds conviction in POCSO case based on DNA evidence)
ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കേസിന്റെ വിചാരണ വേളയിൽ ഇരയായ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറിയിരുന്നു. കുഞ്ഞ് ജനിച്ചതുപോലും പെൺകുട്ടി നിഷേധിച്ചു. എന്നാൽ, ഡിഎൻഎ പരിശോധനാ ഫലം പ്രതിയാണ് കുഞ്ഞിന്റെ പിതാവെന്ന് അസന്ദിഗ്ധമായി തെളിയിച്ചു.
സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ മൊഴിയും കോടതി തെളിവായി സ്വീകരിച്ചു. ശാസ്ത്രീയമായ തെളിവുകൾ നിലനിൽക്കെ, സാക്ഷികൾ മൊഴിമാറ്റിയത് കേസിനെ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ സെക്ഷൻ 5(l) പ്രകാരമുള്ള കുറ്റത്തിൽ നിന്ന് മാറ്റം വരുത്തി സെക്ഷൻ 5(j)(ii) പ്രകാരമാണ് ഹൈക്കോടതി പ്രതിയെ ശിക്ഷിച്ചത്. അതേസമയം, പ്രതിക്കെതിരായ ഭീഷണിപ്പെടുത്തൽ കുറ്റം കോടതി തള്ളിക്കളഞ്ഞു.
Summary
The Madras High Court upheld the conviction of a man for sexually assaulting a minor, ruling that DNA evidence is admissible even if the victim and witnesses turn hostile. Although the court reduced the life sentence to 20 years of rigorous imprisonment, it emphasized that scientific findings hold significant weight in proving guilt in POCSO cases.

