കോട്ടയം: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ആരോഗ്യനിലയെ ബാധിച്ച രോഗം സാരമുള്ളതാണെന്നും, എല്ലാവരും അവർക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് സാമൂഹിക പ്രവർത്തകനും കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് (Renu Sudhi illness news). രേണുവിന് സ്തനാർബുദമാണെന്നും രോഗം നാലാം സ്റ്റേജിലാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ആരംഭിക്കാനിരിക്കുന്ന രേണുവിന് പിന്തുണയുമായി ഫിറോസ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത് ഫിറോസിന്റെ നേതൃത്വത്തിലുള്ള കെഎച്ച്ഡിഇസി ഗ്രൂപ്പായിരുന്നു.
രേണു നിലവിൽ ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണെന്നും രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതുകയാണെന്നും ഫിറോസ് കുറിച്ചു. അസുഖവിവരം മുൻകൂട്ടി അറിഞ്ഞിട്ടും, അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിലൊതുക്കി ചികിത്സയുമായി മുന്നോട്ട് പോയ വ്യക്തിയാണ് രേണു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ദയവായി ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജീവിതം എത്ര ദിവസം ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ലെന്നും, അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെയെന്നും ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
രേണുവിന്റെ ചില മുൻകാല പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ താനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്ന യാഥാർത്ഥ്യവും ഫിറോസ് കുറിപ്പിൽ മറച്ചുവെച്ചില്ല. എന്നാൽ അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും, ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണെന്നും ഫിറോസ് ഓർമ്മിപ്പിച്ചു.
“അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം, പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കൂ. ചിലപ്പോൾ ഒരു നല്ല വാക്കും പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ഈ പോരാട്ടത്തിൽ വിജയിക്കാൻ ശക്തിയും ധൈര്യവും ലഭിക്കട്ടെ,” ഫിറോസ് കുറിച്ചു. ദുബായിൽ പ്രൊമോഷനായി പോയപ്പോഴാണ് രേണുവിന് രോഗം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ സ്വന്തം രോഗവിവരം രേണു പരസ്യമായി തുറന്നുപറഞ്ഞിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പോയതിന്റെ വീഡിയോ അവർ പങ്കുവെച്ചിരുന്നു.
Story Summary: Firoz KHDEC has requested netizens to stop trolling Renu, wife of late actor Kollam Sudhi, following reports of her being diagnosed with stage 4 breast cancer. Urging everyone to pray for her ahead of her treatment at Kottayam Medical College, Firoz stated that a kind word can be more healing than medicine.

