Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala
HomeKeralaമേയറുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ...

മേയറുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ താല്കാലിക നിയമനം | KSRTC driver Yadhu

🎙️ Latest Podcast

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താല്കാലിക ഡ്രൈവർ എൽ.എച്ച് യദുവിന് പുതിയ ജോലി (KSRTC driver Yadhu). നിയമസഭയിലെ താല്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിൽ നിന്നും ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നോ അല്ലെങ്കിൽ ജോലിയിൽ നിന്ന് ഔദ്യോഗികമായി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് നൽകണമെന്നോ ആവശ്യപ്പെട്ട് യദു മുൻ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.

മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പാളയത്ത് വെച്ച് മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ പരസ്യമായ വാക്പോര് ഉണ്ടായത്. പ്ലാമൂട് വെച്ച് യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് മേയറുടെ കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും, തങ്ങളെ നോക്കി അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യദുവിനെ കെഎസ്ആർടിസി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതും കേസ് രജിസ്റ്റർ ചെയ്തതും.

തുടർന്ന് മേയറും ഭർത്താവും തനിക്കെതിരെ വധശ്രമം നടത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് യദു പോലീസിനെ സമീപിച്ചെങ്കിലും ആദ്യം കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് യദു കോടതിയെ സമീപിച്ചതോടെയാണ് കോടതി ഉത്തരവ് പ്രകാരം മേയർക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുക്കാൻ തയ്യാറായത്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സംഭവത്തിനൊടുവിലാണ് യദുവിന് ഇപ്പോൾ നിയമസഭയിൽ താല്കാലിക ഡ്രൈവറായി നിയമനം ലഭിച്ചിരിക്കുന്നത്.

Story Summary: Yadu, the temporary KSRTC driver who lost his job following a public dispute with former Thiruvananthapuram Mayor Arya Rajendran, has been appointed as a temporary driver in the Kerala Legislative Assembly. Yadu had previously approached the Transport Minister requesting reinstatement after being removed from KSRTC duty over the high-profile road rage incident.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.