പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കയും ഇറാനും ചരിത്രപരമായ കരാറിലേക്ക്. സമാധാന കരാറിന് തൊട്ടടുത്തെത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഔദ്യോഗികമായി സ്ഥിരീകരിച്ചു (Iran US Peace Agreement). അരഗ്ചിയുടെ പ്രസ്താവന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് കരാർ സംബന്ധിച്ച ചർച്ചകൾക്ക് പുതിയ ഗതിവേഗം നൽകി. നാളെ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നാണ് സൂചന.
രണ്ടു ഘട്ടങ്ങളിലായാകും കരാർ നടപ്പിലാക്കുകയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ വെടിനിർത്തൽ, നാവിക ഉപരോധം പിൻവലിക്കൽ, ഇറാൻ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കൽ എന്നിവ നടപ്പിലാക്കും. ലെബനോണിലെ വെടിനിർത്തലും ഇതിന്റെ ഭാഗമാണ്. രണ്ടാം ഘട്ടത്തിൽ ഇറാനുമായുള്ള ആണവ പദ്ധതിയെക്കുറിച്ചും മറ്റ് ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ തുടരും. അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിഷയങ്ങൾ കരാറിന്റെ പരിധിയിലില്ലെന്നും ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം കരാറിന് ശേഷവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ അന്തിമമാകുന്നതുവരെ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് സ്വിറ്റ്‌സർലൻഡ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുമായും സ്വിസ് വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സ്ഥിരീകരിച്ചിട്ടുണ്ട്. കരാർ ഒപ്പിട്ടതിന് ശേഷം നടപടികൾ പൂർത്തിയാക്കുന്നതിനായി 60 ദിവസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
Summary: Iran and the United States are on the brink of a historic peace agreement, with Iranian Foreign Minister Abbas Araghchi confirming that a deal is nearly finalized. The agreement, expected to be signed tomorrow in Geneva, Switzerland, will reportedly be implemented in two phases, starting with a ceasefire, the lifting of naval blockades, and the release of frozen Iranian assets, followed by negotiations on Iran’s nuclear program.

