ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ ഒഴിവാക്കാൻ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചു.(NEET Re Exam Security Tightened Following Bail Plea by Suspect)
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ കേസിൽ അറസ്റ്റിലായ ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യം തേടി കോടതിയിൽ ഹർജി നൽകിയത്. ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും, ജയിലിൽ കഴിയുന്ന തനിക്ക് പഠനത്തിനായുള്ള പുസ്തകങ്ങൾ ലഭ്യമാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ റദ്ദാക്കിയ നീറ്റ് പരീക്ഷയിൽ യഷ് യാദവും പങ്കെടുത്തിരുന്നു.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത നിയന്ത്രണങ്ങളാണ് എൻ.ടി.എ ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുനഃപരീക്ഷ കഴിയുന്നത് വരെ പുറംലോകവുമായി ബന്ധമില്ലാത്ത രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർ പൂർണ്ണസമയ നിരീക്ഷണത്തിലായിരിക്കും.
ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകൾ അതീവ സുരക്ഷയോടെ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകളെ ഉപയോഗിക്കും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്.
Story Summary
Accused NEET paper leak suspect Yash Yadav has filed for interim bail to appear for the re-examination on June 21, while also requesting study materials in jail. Meanwhile, the National Testing Agency (NTA) has implemented strict security measures, including sequestering question paper developers and translators in secure facilities and using Air Force helicopters to transport papers, to ensure the integrity of the upcoming re-test.

