ദുബായ്: കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ, മരവിപ്പിച്ച ഇറാൻ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി ഉന്നത വൃത്തങ്ങൾ സൂചന നൽകി (US Redirects Iranian Assets Gulf Reconstruction). കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് നാശനഷ്ടങ്ങളുടെ വ്യാപ്തിയും ചെലവും വിലയിരുത്താൻ പ്രത്യേക സംഘത്തിന് നിർദേശം നൽകിയത്.
യുഎസ് മരവിപ്പിച്ച 24 ബില്യൺ ഡോളറിന്റെ ഇറാൻ ആസ്തികൾ വിട്ടുനൽകിയാൽ മാത്രമേ സമാധാന കരാർ സാധ്യമാകൂ എന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേശകൻ മൊഹ്സെൻ റെസായ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം. ഇത് നിലവിലെ താൽക്കാലിക വെടിനിർത്തൽ ചർച്ചകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ, ശനിയാഴ്ചയും ഹോർമൂസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടലുകൾ നടന്നു. കടൽപ്പാതയിലെ കപ്പലുകൾക്ക് ഭീഷണിയായ രണ്ട് ഇറാനിയൻ അറ്റാക്ക് ഡ്രോണുകൾ കൂടി തങ്ങൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന് മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ്സ് നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴോളം ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റ് സൈന്യം തടഞ്ഞു.
ആക്രമണത്തിൽ ജനവാസ മേഖലകളിൽ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രതിനിധി ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് പ്രത്യേക കത്തുമായി ടെഹ്റാനിൽ എത്തിയിട്ടുണ്ട്. യുദ്ധം കാരണം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് (OPEC+) രാജ്യങ്ങൾ ഇന്ന് യോഗം ചേരാനിരിക്കുകയാണ്.
Summary: The United States is planning to redirect frozen Iranian assets to fund the reconstruction and repair of damages inflicted on Gulf allies by recent Iranian missile and drone strikes. U.S. Treasury Secretary Scott Bessent has directed a team to assess the costs in Kuwait and Bahrain, creating a new point of conflict in the ongoing peace negotiations, which Iran says depend on the release of $24 billion in frozen funds.

