ചെന്നൈ: ബിജെപിയിൽ നിന്നുള്ള രാജിവെക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ജനങ്ങളിൽ നിന്നും വൻ പ്രതികരണം (Annamalai We The Leaders Movement). പാർട്ടി വിട്ട് 24 മണിക്കൂറിനകം 14 ലക്ഷത്തോളം ആളുകളാണ് അണ്ണാമലൈയുടെ പുതിയ കൂട്ടായ്മയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ കുറേ ആഴ്ചകളായി ബിജെപി കേന്ദ്ര നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിലാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ വെള്ളിയാഴ്ച ഔദ്യോഗികമായി പാർട്ടി വിട്ടത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെയും വികസനത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ബിജെപി നേതൃത്വവുമായി ഒത്തുപോകുന്നില്ലെന്ന് വ്യക്തമാക്കിയാണ് അണ്ണാമലൈ പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീന് രാജി സമർപ്പിച്ചത്.
പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടമെന്ന് വിശേഷിപ്പിച്ചുകൊണ്ട് യുവാക്കളെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചുള്ള ജനകീയ രാഷ്ട്രീയത്തിനാണ് താൻ അടിത്തറയിടുന്നതെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു. കുടുംബ രാഷ്ട്രീയത്തിനും വ്യക്തിപൂജകൾക്കും അറുതിവരുത്തി, വരുംതലമുറയ്ക്കായി പ്രത്യയശാസ്ത്ര വ്യക്തതയുള്ള മാറ്റത്തിന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വീകൺ ദ ലീഡേഴ്സ്’ (We The Leaders) എന്ന് പേരിട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇതിനകം 13,85,763-ലധികം പേർ സജീവ വോളന്റിയർമാരായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പുതിയ പ്രസ്ഥാനം തമിഴ്‌നാട്ടിൽ മത്സരിക്കുമെന്നും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി സാധാരണക്കാരായ ഒട്ടനവധി പുതിയ നേതാക്കളെ ജനങ്ങൾക്കിടയിൽ നിന്നും വളർത്തിയെടുക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
Summary: Within 24 hours of officially resigning from the BJP due to growing ideological disagreements over Tamil Nadu’s political trajectory, K. Annamalai has launched a massive independent political movement, drawing nearly 14 lakh members. The former IPS officer’s newly introduced grassroots platform, titled “We The Leaders,” aimed at challenging dynasty politics and elite dominance, received an overwhelming response from youth and ordinary citizens. Announcing his next phase of public service, Annamalai confirmed that his talent-driven movement will step-by-step prepare a fresh batch of common leaders and actively contest the upcoming Lok Sabha elections in Tamil Nadu.

