ജിയാങ്സു: ക്ലാസ് മുറിയിൽ സംസാരിച്ചതിന് നാല് വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് രണ്ട് തവണ പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഫെങ്സിയാൻ കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ മെയ് 27-നായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.(Chinese Teacher Suspended After Using Hot Glue Gun To Burn Four Year Old Student)
ക്ലാസ് സമയത്ത് കുട്ടികൾ സംസാരിച്ചതിന് പ്രകോപിതയായ ചെൻ എന്ന അധ്യാപിക, കുട്ടികളെ ശിക്ഷിക്കാനായി നിരനിരയായി നിർത്തുകയായിരുന്നു. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപികയുടെ ക്രൂരത വ്യക്തമായി കാണാം. ഒരു ആൺകുട്ടിയുടെ കൈവെള്ളയിൽ ഗ്ലൂ ഗൺ ഉപയോഗിച്ച് പൊള്ളിച്ച ശേഷം, നാല് വയസ്സുകാരിയായ പെൺകുട്ടിയെ ബലമായി പിടിച്ചിരുത്തി ചുണ്ടിൽ രണ്ട് തവണ ഗ്ലൂ ഗൺ വെച്ച് പൊള്ളിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു പുരുഷ അധ്യാപകൻ ക്ലാസിൽ ഉണ്ടായിരുന്നുവെങ്കിലും കുട്ടിയെ രക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.
വൈകുന്നേരത്തോടെ കുട്ടിയുടെ ചുണ്ടിൽ വലിയ കുമിളകളും പഴുപ്പും കണ്ടതോടെയാണ് മാതാപിതാക്കൾ വിവരമറിയുന്നത്. വേദന സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴാണ് അധ്യാപികയുടെ ക്രൂരത പുറത്തറിഞ്ഞത്.
കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്നും, പിന്നീട് അബദ്ധത്തിൽ പറ്റിയതാണെന്നും പറഞ്ഞ് അധ്യാപിക മാതാപിതാക്കളെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകർക്ക് കർശനമായ പെരുമാറ്റച്ചട്ടങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Story Summary
A nursery school teacher in Jiangsu, China, has been suspended after security footage captured her using a hot glue gun to burn the lips of a four-year-old student as punishment for talking in class. The incident, which occurred on May 27, was initially covered up by the teacher, who claimed the injury was accidental, but legal action and a police investigation are now underway.

