റിപ്പോർട്ട് : ശ്രീജിത്ത്
കൊച്ചി: എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി നഗരം പൂർണ്ണമായും വെള്ളക്കെട്ടിലായി (Kochi waterlogging). തോരാതെ പെയ്യുന്ന മഴ നഗരവാസികളെ ദുരിതത്തിലാഴ്ത്തിയതിന് പിന്നാലെ കൊച്ചിയിൽ പകർച്ചവ്യാധി ഭീഷണിയും ഉയരുകയാണ്. ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മഴയുടെ ശക്തിക്ക് നേരിയ കുറവുണ്ടെങ്കിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും പുഴയോരത്ത താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം നൽകി.
നഗരത്തെ ഇത്രയധികം പ്രതിസന്ധിയിലാക്കിയ വെള്ളക്കെട്ടിന് കാരണം കൊച്ചി കോർപ്പറേഷന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. ഓടകളിൽ നിന്നും കനാലുകളിൽ നിന്നും കോരിമാറ്റുന്ന മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിൽ തന്നെ കൂട്ടിയിടുന്നതാണ് പ്രധാന വില്ലനാകുന്നത്. മഴ കനക്കുമ്പോൾ ഈ മണ്ണും മാലിന്യങ്ങളും വീണ്ടും ഓടകളിലേക്ക് തന്നെ ഒലിച്ചിറങ്ങി നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെടുകയാണ്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് റോഡുകളിൽ മണിക്കൂറുകളോളം വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുന്നു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റൂട്ടുകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നഗരത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം മൂലം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം, കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ (DYFI) കൊച്ചി കോർപ്പറേഷനിലേക്ക് ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. കോർപ്പറേഷൻ ഭരണസമിതി ദുരന്തനിവാരണത്തിൽ പൂർണ്ണ പരാജയമാണെന്നും പ്രശ്നങ്ങളിൽ നിന്ന് മേയർ ഒളിച്ചോടുകയാണെന്നും സമരക്കാർ ആരോപിച്ചു. കോർപ്പറേഷനും സർക്കാർ സംവിധാനങ്ങളും അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് കൊച്ചി നിവാസികളുടെ ആവശ്യം.
Story Summary: Kochi city is facing severe waterlogging and potential outbreak of diseases as heavy rains lash Ernakulam district, which is currently under an orange alert. Citizens and political outfits like DYFI are protesting against the Kochi Corporation, alleging total failure in pre-monsoon cleaning and waste management along the metro construction routes.

