മുള്ളൻപൂർ: ഐപിഎൽ 2026 ആവേശത്തിന് തൊട്ടുപിന്നാലെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന ടെസ്റ്റ് മത്സരത്തിന് ന്യൂ ചണ്ഡിഗഡിലെ മുള്ളൻപൂർ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി (India vs Afghanistan One Off Test). മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും മികച്ച ഫോമിലാണ് ബാറ്റിംഗ് ആരംഭിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. സിയാവുർ റഹ്മാൻ, മുഹമ്മദ് സലീം എന്നിവരുടെ പന്തുകളെ അതിർത്തി കടത്തി ഇരുവരും റൺറേറ്റ് ഉയർത്തുന്നുണ്ട്.
ഈ മത്സരത്തിലൂടെ ഇന്ത്യയ്ക്കായി യുവ സ്പിന്നർ മാനവ് സുതറും അഫ്ഗാനിസ്ഥാനായി നംഗേയാലിയ ഖരോട്ടെയും തങ്ങളുടെ കരിയറിലെ ആദ്യ ടെസ്റ്റ് തൊപ്പി (Debut Cap) സ്വീകരിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഋഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. സായ് സുദർശൻ മൂന്നാം നമ്പരിൽ ബാറ്റിംഗിനെത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ പരമ്പരയിലെ തോൽവിക്ക് ശേഷം പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കീഴിൽ ടെസ്റ്റ് സീസണിൽ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. അതേസമയം, ശക്തരായ ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കാൻ വിക്കറ്റുകൾക്കായുള്ള തീവ്രശ്രമത്തിലാണ് അഫ്ഗാൻ ബൗളർമാർ.
Summary: India’s captain Shubman Gill won the toss and elected to bat first in the one-off Test match against Afghanistan at the Maharaja Yadavindra Singh International Cricket Stadium in Mullanpur, New Chandigarh.Opening batsmen Yashasvi Jaiswal and KL Rahul provided a solid and steady start for the hosts on Day 1, safely negotiating the early bowling spell from Afghanistan’s Ziaur Rahman and Mohammad Saleem. For India, young spinner Manav Suthar made his Test debut alongside playing XI inclusions Rishabh Pant, Dhruv Jurel, and Sai Sudharsan, while Afghanistan handed a debut cap to spinner Nangeyalia Kharote.

