മുംബൈ: നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിന് പിന്നാലെ, ഔദ്യോഗിക സൈനിക യൂണിഫോമിൽ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയ യുവ പൈലറ്റിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു (Captain Bharat Bhardwaj Proposal Controversy). പുതുതായി കമ്മിഷൻ ചെയ്യപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് പരേഡ് ഗ്രൗണ്ടിൽ വെച്ച് കാമുകിക്ക് സർപ്രൈസ് ഒരുക്കിയത്. പരേഡ് ഗ്രൗണ്ടിലെ റൺവേയിലൂടെ യൂണിഫോമിൽ നടന്നു വന്ന ഭരത്, അവിടെയുണ്ടായിരുന്ന സൈനിക ഹെലികോപ്റ്ററിനെ സാക്ഷിയാക്കി മുട്ടുകുത്തി നിന്ന് മോതിരം കൈമാറുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.
യുവതി വിവാഹാഭ്യർഥന സ്വീകരിക്കുകയും ഇരുവരും സന്തോഷം പങ്കിടുകയും ചെയ്യുന്ന വൈകാരിക നിമിഷങ്ങൾ നിരവധി ആളുകൾ ഏറ്റെടുത്തുവെങ്കിലും, സൈന്യത്തിന്റെ കർശനമായ പെരുമാറ്റച്ചട്ടങ്ങളെയും പ്രോട്ടോക്കോളിനെയും ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള പ്രതിരോധ പരിശീലന കേന്ദ്രത്തിനുള്ളിൽ വെച്ച് ഇത്തരം സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കാനും അത് പരസ്യമായി പ്രചരിപ്പിക്കാനും അനുവാദമുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. ഔദ്യോഗിക യൂണിഫോമിൽ ഇത്തരത്തിൽ പെരുമാറിയത് കരസേനയുടെ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ യുവ ക്യാപ്റ്റനിൽ നിന്ന് സൈന്യം വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. എന്നാൽ കഠിനാധ്വാനത്തിന് ഫലം കണ്ട തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം പങ്കാളിക്കും കുടുംബത്തിനും കൂടി അവിസ്മരണീയമാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് വ്യക്തമാക്കി.
Summary: A newly commissioned army pilot, Captain Bharat Bhardwaj, triggered a controversy after a video of his wedding proposal went viral on social media. Following the passing out parade at the Combat Army Aviation Training School in Nashik, Maharashtra, the captain, dressed in his official military uniform, proposed to his partner of five years with a military helicopter in the background. While the romantic gesture received widespread appreciation online, it also drew criticism for potentially violating strict army protocols and security regulations within a high-security defense training facility.

