ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്ട്രേറ്റിനെ ചേംബറിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ മൽപിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിക്രമം കാണിച്ചത് (Chengannur Court Attack). ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹെൽമെറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ യുവാവ് ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേംബറിലേക്ക് നേരിട്ട് അതിക്രമിച്ച് കയറുകയായിരുന്നു. അപ്രതീക്ഷിതമായി എത്തിയ അക്രമിയെ കണ്ട് പരിഭ്രമിച്ച മുൻസിഫ് ഉടനടി കോടതിക്കുള്ളിലൂടെ തൊട്ടടുത്തുള്ള ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി.
മുൻസിഫിന് പിന്നാലെ പാഞ്ഞടുത്ത പ്രതിയെ ഓഫീസിലുണ്ടായിരുന്ന രണ്ട് കോടതി ജീവനക്കാർ ചേർന്ന് തടയുകയായിരുന്നു. ഇതിനിടെ പ്രതിയുടെ റെയിൻ കോട്ടിന്റെ ഉൾവശത്ത് ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി നിലത്തുവീണ് പൊട്ടി ഉഗ്രശബ്ദമുണ്ടായി. ജീവനക്കാർ തടഞ്ഞതോടെ പ്രതി കോടതിയുടെ കിഴക്കേ ഗേറ്റിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോടതി ജീവനക്കാരും പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് സിവിൽ സ്റ്റേഷന് മുന്നിലിട്ട് കനത്ത മൽപിടിത്തത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. പ്രതിയുമായുള്ള മൽപിടിത്തത്തിനിടെ രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ യുവാവ് കോടതി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്നിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കോടതിക്കുള്ളിൽ ജഡ്ജിക്ക് നേരെ തന്നെയുണ്ടായ ഈ ആക്രമണ ശ്രമം അഭിഭാഷകർക്കും ജീവനക്കാർക്കും ഇടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Summary: A youth named Arun Mohan was overpowered and arrested after he forcefully entered the chamber of Chengannur Munsiff Magistrate Amala Lawrence and attempted to attack her. Wearing a helmet and a raincoat, the accused rushed into the chamber, prompting the magistrate to run to safety into the staff office. Court staff and local auto-rickshaw drivers chased and tackled the fleeing accused near the Civil Station, during which two employees sustained minor injuries.

