തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു (Automated Vehicle Testing Station Kerala). തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ (എ.എം.വി.ഐ) പതിനേഴാമത് ബാച്ച് പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധന പൂർണ്ണമായും മെഷീൻ നിയന്ത്രിതമാക്കുന്നതിന്റെ ഭാഗമായി ഓരോ ജില്ലയിലും ഔട്ട്‌സോഴ്‌സ് പങ്കാളിത്തത്തോടെ രണ്ട് എ.ടി.എസുകൾ വീതമാണ് ആരംഭിക്കുക. പരമ്പരാഗത പരിശോധനാ രീതികൾക്ക് പകരം ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറുന്ന ഘട്ടത്തിലാണ് പുതിയ ഉദ്യോഗസ്ഥർ സേവനത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് വഴികാട്ടിയായ ‘സ്മാർട്ട് മൂവ്’ ആപ്ലിക്കേഷനും ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടർവൽക്കരണവും ആദ്യമായി നടപ്പാക്കിയത് കേരളമാണ്.
മോട്ടോർ വാഹന വകുപ്പിൽ വരുന്ന പ്രധാന മാറ്റങ്ങൾ
സുതാര്യമായ ഡ്രൈവിംഗ് ടെസ്റ്റ്: അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി ലൈസൻസ് പരീക്ഷകൾ പരിഷ്‌കരിക്കും.
വാഹന സെൻസസ്: റോഡുകളിലോടുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ ഉടൻ വാഹന സെൻസസ് ആരംഭിക്കും.
ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ്: ആധുനിക ഐ.സി.ടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ.എൻ.പി.ആർ (ANPR) ക്യാമറകൾ എന്നിവയ്ക്കായി പ്രത്യേക നവീകരണ ഫണ്ട് രൂപീകരിക്കും.
ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ്: പൊതുഗതാഗത രംഗം മെച്ചപ്പെടുത്താൻ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം പാലിക്കാനും തത്സമയ സംവിധാനം വരും. വിദേശ രാജ്യങ്ങളിലെ മാതൃകയിൽ ബസ് വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാക്കും.
ഗ്രാമപ്രദേശങ്ങളിലെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഷെയർ ട്രാൻസ്‌പോർട്ട്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും. നികുതി വെട്ടിപ്പ് തടയുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പരിശീലനം പൂർത്തിയാക്കിയ 32 എ.എം.വി.ഐ ട്രെയിനികളാണ് പരേഡിൽ പങ്കെടുത്തത്. ചടങ്ങിൽ മികച്ച ട്രെയിനികൾക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി വിതരണം ചെയ്തു. ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Story Summary: Transport Minister CP John announced that Kerala will establish 28 Automated Vehicle Testing Stations (ATS) across all districts to modernize vehicle fitness checks. Speaking at the AMVI passing out parade, the minister also highlighted upcoming initiatives, including a vehicle census and automated route management for public transport.

