വാഷിങ്ടൺ: യുക്രൈനിലെ പ്രധാന നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അംഗീകരിച്ചു. കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളിൽ വലിയൊരു നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തുന്നത്.( Heavy snowfall, Trump says Vladimir Putin accepted his request not to attack Ukraine for a week)
യുക്രൈനിൽ നിലവിലുള്ള കടുത്ത തണുപ്പും ജനങ്ങളുടെ ദുരിതവും പരിഗണിച്ചാണ് ഇത്തരമൊരു വെടിനിർത്തൽ ആവശ്യം ട്രംപ് മുന്നോട്ടുവെച്ചത്. “മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപ നഗരങ്ങളിലും ഒരാഴ്ചത്തേക്ക് ആക്രമണം നടത്തരുതെന്ന് ഞാൻ പുടിനോട് നേരിട്ട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് സമ്മതിച്ചു. ഇതൊരു അപ്രതീക്ഷിതമായ വെടിനിർത്തൽ കരാറാണ്.” പുടിനെ വിളിച്ചിട്ട് കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും ഈ ചർച്ച വിജയകരമായതിൽ സന്തോഷമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ സംബന്ധിച്ച് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. യുക്രൈന്റെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. സമാധാന ചർച്ചകൾക്കായി യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് റഷ്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.



