കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് (Youth Congress Support Minister Bindu Krishna). കള്ളപ്രചാരണങ്ങളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും മന്ത്രിയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് അവരെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് അറ്റം വരെയും പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ വ്യക്തമാക്കി. കൂടിക്കാഴ്ചയെ ചില കേന്ദ്രങ്ങൾ മനഃപൂർവ്വം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ഈ സൈബർ അതിക്രമങ്ങൾക്കെതിരെ മന്ത്രിക്ക് പിന്നിൽ ശക്തമായ കോട്ടയായി സംഘടന അണിനിരക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില രാഷ്ട്രീയ പ്രസ്താവനകളോട് കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ടെന്ന കാര്യം വിഷ്ണു സുനിൽ തുറന്നുസമ്മതിച്ചു. എന്നാൽ അതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കാനോ നേരിട്ട് കാണാനോ പാടില്ലെന്ന തരത്തിലുള്ള ഏകപക്ഷീയ നിലപാടുകൾ കൂടുതൽ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചതെന്നും എൻഎസ്എസ് ആസ്ഥാനം, കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങൾ, പ്രമുഖ ഇസ്ലാം മത നേതാക്കൾ തുടങ്ങിയവരെയെല്ലാം അവർ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത് ആരെയും പ്രീണിപ്പിക്കലല്ല, മറിച്ച് എല്ലാവരെയും ഒരേപോലെ ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫിന്റെ പൊതുനയത്തിന്റെ ഭാഗമാണ്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിർത്തുന്നതോ അസ്പർശ്യരാക്കുന്നതോ ഗാന്ധിയൻ ആശയമല്ലെന്നും വെറുപ്പ് പ്രചരിപ്പിക്കുന്നവരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. സിപിഎമ്മിന്റെ കോട്ടക്കൊത്തളങ്ങൾ തകർത്താണ് ബിന്ദു കൃഷ്ണ കൊല്ലം സീറ്റ് പിടിച്ചെടുത്തതെന്നും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നിരന്തര പോരാട്ടങ്ങളുടെ പിൻബലം ഈ മന്ത്രിസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Youth Congress State Vice President Adv. Vishnu Sunil has extended strong support to Minister Bindu Krishna amid mounting cyber-attacks over her recent meeting with SNDP leader Vellappally Natesan. He stated that the organization will build a protective shield around the minister and counter CPM’s defamatory campaigns. Sunil clarified that visiting socio-religious leaders is part of UDF’s inclusive policy and should not be misinterpreted as political appeasement.

