കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ (AMMA) മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ അൻസിബ ഹസ്സൻ സഹപ്രവർത്തകൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് (Ansiba Hassan -Tiny Tom). വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി തന്നെ രാജ്യദ്രോഹിയായും വർഗ്ഗീയവാദിയായും ചിത്രീകരിക്കാൻ ശ്രമിച്ച ടിനി ടോം ഒരു വലിയ ‘സാമൂഹിക വിപത്ത്’ ആണെന്നും, ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റൂ എന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഉറച്ചുനിൽക്കുമെന്നും നിയമപരമായ പരാതികളുമായി മുന്നോട്ട് പോകുമെന്നും താരം വ്യക്തമാക്കി.
തന്നെ തൃപ്പൂണിത്തറ വനിതാ സെൽ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെച്ചതിനും വ്യാജപരാതിയിൽ വിളിപ്പിച്ചതിനും എതിരെ ലക്ഷ്മിപ്രിയ, വനിതാ സെൽ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ ഇന്ന് മൊഴി നൽകുമെന്നും അൻസിബ അറിയിച്ചു. ‘അമ്മ’ സംഘടനയ്ക്കുള്ളിൽ നടന്ന സാമ്പത്തിക ഇടപാടുകളെയും, സംഘടനയുടെ ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെയും താൻ ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് കാരണമെന്ന് അൻസിബ വെളിപ്പെടുത്തി.
‘അമ്മ’ ഒരു സെക്യുലർ സംഘടനയായി തുടരണമെന്നും അമ്പലത്തിന്റെയോ പള്ളിയുടെയോ പേരിൽ സ്പോൺസർഷിപ്പ് എടുക്കരുതെന്നും താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. എന്നാൽ കമ്മിറ്റിക്കുള്ളിൽ രഹസ്യമായി ചർച്ച ചെയ്ത ഈ കാര്യം പുറത്തുവിട്ട് തന്നെ ഒരു വർഗ്ഗീയവാദിയാക്കി മാറ്റാൻ ചിലർ ശ്രമിച്ചതായി അൻസിബ ആരോപിക്കുന്നു. താൻ ലൊക്കേഷനിലുള്ളവരെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നും ‘ജിഹാദി’ ആണെന്നും വരുത്തിത്തീർക്കാൻ വ്യാജപ്രചാരണം നടത്തി. ഒരു സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനുമായ കൈലാസ് സ്വന്തം ഇഷ്ടപ്രകാരം നോമ്പെടുത്തതിനെയാണ് തനിക്കെതിരെയുള്ള ആയുധമാക്കിയത്. എന്നാൽ ഭാഗ്യവശാൽ പ്രൊഡക്ഷൻ കൺട്രോളറും മകനും പരസ്യമായി രംഗത്തുവന്ന് സത്യാവസ്ഥ വെളിപ്പെടുത്തിയതുകൊണ്ടാണ് താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടതെന്നും അൻസിബ കൂട്ടിച്ചേർത്തു.
താൻ നൽകിയ പരാതികൾ കേൾക്കാൻ തയ്യറാകാത്ത ‘അമ്മ’ നേതൃത്വം, ഇപ്പോൾ മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ചർച്ചയ്ക്ക് തയ്യാറാവുന്നത്. എന്നാൽ കുറ്റാരോപിതനായ ടിനി ടോമും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രസിഡന്റും ഉൾപ്പെടുന്ന ഇതേ കമ്മിറ്റിയുടെ മുന്നിൽ നീതി തേടി ഹാജരാകുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഈ വിഷയം അന്വേഷിക്കാൻ മാലാ പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരടങ്ങുന്ന അല്ലെങ്കിൽ പക്ഷപാതമില്ലാത്ത മറ്റ് അംഗങ്ങളുള്ള ഒരു പുതിയ സമിതി രൂപീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടും സംഘടന ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അൻസിബ പറഞ്ഞു. ക്രിമിനൽ പരിപാടികൾ ചെയ്ത് സമൂഹത്തിന് മുന്നിൽ കപടമുഖം മൂടി വെച്ച് നല്ലവരായി നടക്കാൻ ഇത്തരം ആളുകളെ അനുവദിക്കില്ലെന്നും അൻസിബ വ്യക്തമാക്കി.

