ഭോപ്പാൽ: ട്വിഷാ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ സംഘം അന്വേഷണത്തിനായി ഭോപ്പാലിൽ എത്തിയതിന് പിന്നാലെ, ഭോപ്പാൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുഖ്യപ്രതിയും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗിനെ ചോദ്യം ചെയ്തതിൽ നിന്ന് പുതിയ വിവരങ്ങൾ പുറത്തുവന്നു.(Twisha Sharma Death Case CBI Investigation Accused Husband Samarth Singh Crime Scene Reconstruction)
മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ, ഗർഭഛിദ്രത്തിന് വിധേയയായതിനെ തുടർന്ന് ട്വിഷ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് സമർത്ഥ് പോലീസിനോട് പറഞ്ഞു. കൂടാതെ വിവാഹ ജീവിതത്തിനിടയിൽ താനും കുടുംബവും ചേർന്ന് ട്വിഷയ്ക്ക് 7 ലക്ഷം രൂപ നൽകിയിരുന്നു എന്ന വാദവും സമർത്ഥ് ആവർത്തിച്ചു. എന്നാൽ, മരണശേഷം ഒളിവിൽ പോയ കാലയളവിനെക്കുറിച്ച് ചോദിച്ചപ്പോൾ സമർത്ഥ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കതാരാ ഹിൽസ് പോലീസ് പരിധിയിലെ ബാഗ്മുഗാലിയ എക്സ്റ്റൻഷനിലുള്ള സമർത്ഥിന്റെ വസതിയിൽ എസ്.ഐ.ടി സംഘം ഇയാളെ എത്തിച്ച് തെളിവെടുപ്പും ‘ക്രൈം സീൻ റീക്കൺസ്ട്രക്ഷനും’ നടത്തി. രണ്ടു മണിക്കൂറോളം നീണ്ട ഈ നടപടികൾ തെളി ശേഖരണത്തിന്റെ ഭാഗമായി പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചു. സമർത്ഥിന്റെ മൊഴികൾ പോലീസ് ക്രോസ് വെരിഫൈ ചെയ്യുകയാണ്. ഇയാളുടെ ബാങ്ക് ഇടപാടുകൾ, കോൾ റെക്കോർഡുകൾ, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തെ നീക്കങ്ങൾ എന്നിവയും പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
സമർത്ഥിന്റെ അമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴി രേഖപ്പെടുത്താൻ ഇവരെ വീണ്ടും അടിയന്തരമായി വിളിച്ചുവരുത്തിയേക്കുമെന്നും ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമർത്ഥിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പാസ്പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ എസ്.ഐ.ടി പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മാധ്യമ വിചാരണയും പൊതുജന സമ്മർദ്ദവും പാടില്ലെന്ന് സുപ്രീം കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary
The CBI took over the probe into model-actor Twisha Sharma’s death in Bhopal following Supreme Court orders. Meanwhile, the SIT interrogated prime accused Samarth Singh, conducted a crime scene reconstruction, and is probing his mother, former judge Giribala Singh, for dowry harassment.

