മലപ്പുറം: ഗ്രാമസഭകളുടെ നഷ്ടപ്പെട്ടുപോയ അധികാരം തിരികെ നൽകുമെന്ന് വ്യക്തമാക്കിയതിന്റെ അർത്ഥം ‘ലൈഫ് മിഷൻ’ പദ്ധതി പൂർണ്ണമായി ഇല്ലാതാക്കുമെന്നല്ലെന്ന് മന്ത്രി കെ.എം. ഷാജി. ലൈഫ് മിഷൻ പദ്ധതി പുതിയ യു.ഡി.എഫ് സർക്കാർ തകർക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ആ പദ്ധതിക്ക് എന്തോ വലിയ തകരാറുണ്ടെന്ന് അവർക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.(Minister KM Shaji Clarification On Life Mission Project Grama Sabha Authority Kerala)
ഒരു പദ്ധതിയും തകർക്കാൻ വേണ്ടി വന്ന സർക്കാരല്ല ഇത്. മുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും വരും സർക്കാർ തകർക്കാൻ തീരുമാനിച്ചാൽ രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കുകയല്ല, മറിച്ച് അവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുകയെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനാധിപത്യപരമായ അധികാരം അവരിലേക്ക് തന്നെ തിരികെ എത്തിക്കുക എന്നതാണ് ഈ സർക്കാരിന്റെ പ്രധാന രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ തീരുമാനങ്ങൾക്കെതിരെ സി.പി.എം സമരങ്ങൾ സംഘടിപ്പിച്ചോട്ടെ. പ്രതിപക്ഷം സമരം ചെയ്യുമോ എന്ന് നോക്കിയിട്ട് മെറിറ്റുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഈ സർക്കാരിനെ കിട്ടില്ല. യു.ഡി.എഫിന് ഇത്രയും വലിയ ജനവിജയം നേടാൻ കാരണമായ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം കൃത്യമായി നടപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ മഴക്കാലം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തേണ്ട മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാളെ അടിയന്തര ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എം. ഷാജി അറിയിച്ചു.
Story Summary
Minister K.M. Shaji clarified that restoring authorities to Grama Sabhas does not mean scrapping the ‘Life Mission’ housing project. He stated that the UDF government would proceed with necessary rectifications in ongoing projects rather than dismantling them. Dismissing CPM’s protest threats, he also announced an emergency online meeting tomorrow to review pre-monsoon cleaning drives.

