വാഷിംഗ്ടൺ: പലസ്തീൻ മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബാനീസിനെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചു (US Lifts Sanctions Francesca Albanese). അൽബാനീസിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്നതാണ് ഈ നടപടിയെന്ന് ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ പുതിയ തീരുമാനം. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ പരസ്യമായി രംഗത്തുവന്നതിനാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ ജൂലൈയിൽ ഇവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
അൽബാനീസിന്റെ ഭർത്താവും മകളും സമർപ്പിച്ച ഹർജി പരിഗണിച്ച യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാർഡ് ലിയോൺ, ട്രംപ് ഭരണകൂടത്തിന്റെ നടപടി ആശയ പ്രകാശനത്തെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അൽബാനീസ് ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ട്രംപ് ഭരണകൂടം ഇവർക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ, ഈ ശുപാർശകൾ കേവലം അഭിപ്രായങ്ങൾ മാത്രമാണെന്നും ഐസിസിയുടെ തീരുമാനങ്ങളിൽ അവയ്ക്ക് നിയമസാധുതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ യുഎസ് കമ്പനികൾക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ട് അൽബാനീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
Summary: The United States has lifted sanctions against Francesca Albanese, the UN special rapporteur for the occupied Palestinian territory, following a federal judge’s ruling that the measures restricted her freedom of speech. The decision by the US Department of the Treasury comes after District Judge Richard Leon issued a temporary injunction in a lawsuit filed by Albanese’s family.

