മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് ആളുമാറി അമളി പറ്റി (Modi Melody Gift To Meloni Parle Stock Price). പ്രശസ്തമായ മെലഡി ടോഫി നിർമ്മിക്കുന്ന ‘പാർലെ പ്രൊഡക്ട്സ്’ കമ്പനിയുടെ ഓഹരികൾ വാങ്ങാൻ വിപണിയിൽ തിരക്കുകൂട്ടിയ നിക്ഷേപകർ, പേര് മാറി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരികൾ വൻതോതിൽ വാരിക്കൂട്ടി. ഇതോടെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പാർലെ ഇൻഡസ്ട്രീസിന്റെ ഓഹരി വില ഒറ്റയടിക്ക് 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി.
യഥാർത്ഥത്തിൽ മെലഡി മിഠായിയും പാർലെ-ജി ബിസ്ക്കറ്റുമെല്ലാം നിർമ്മിക്കുന്ന ‘പാർലെ പ്രൊഡക്ട്സ്’ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു സ്വകാര്യ കമ്പനിയാണ്. എന്നാൽ ഇതറിയാതെ ബിഎസ്ഇ ടെർമിനലിൽ ‘പാർലെ’ എന്ന് തിരഞ്ഞ നിക്ഷേപകർക്ക് മുന്നിൽ വന്നത് ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, പേപ്പർ റീസൈക്ലിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന പാർലെ ഇൻഡസ്ട്രീസ് ആയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 68 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയ ഈ പെനി സ്റ്റോക്കിന്റെ വില, മിഠായി വീഡിയോ പുറത്തുവന്നതോടെ വെറും ഒരു മണിക്കൂറിനുള്ളിൽ 4.95 രൂപയിൽ നിന്ന് 5.25 രൂപയായി കുതിച്ചുയരുകയായിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികൾ കാരണം ഓഹരി വിപണി മൊത്തത്തിൽ ഇടിവ് രേഖപ്പെടുത്തിയ ബുധനാഴ്ചയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
Summary: In a bizarre turn of events on Dalal Street, investors accidentally pumped money into the wrong “Parle” stock following the viral video of PM Narendra Modi gifting Melody toffees to Italian PM Giorgia Meloni. Eager to capitalize on the viral “Melodi” trend, rushed investors loaded up on shares of Parle Industries on the BSE, causing the micro-cap stock to surge 5% from Rs 4.95 to Rs 5.25.

