തിരുവനന്തപുരം: വി.ഡി സതീശൻ മുഖ്യമന്ത്രിയായ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ് (Kerala police transfer news). പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ പ്രമുഖ സംസ്ഥാന നേതാക്കളെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഡിജിപി ഉത്തരവിറക്കിയത്. കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന സംഘടനയിലെ ഉന്നത നേതാക്കളെയാണ് ഇപ്പോൾ ക്രമസമാധാന (Law and Order) ചുമതലയുള്ള സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം ഡിജിപി പുറത്തിറക്കിയ പ്രത്യേക ഉത്തരവിലാണ് സ്ഥലംമാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ തുടർന്നിരുന്ന ഇടത് സംഘടന നേതാവായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല കൂടി ഉൾപ്പെടുന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ (SHO) ആയാണ് നിയമിച്ചിരിക്കുന്നത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ സി.ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും സ്ഥലംമാറ്റി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പോലീസ് സംഘടനകളിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാക്കൾക്കാണ് ഭരണമാറ്റത്തിന് പിന്നാലെ ഈ നിർണ്ണായക സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ദീർഘകാലമായി ഫീൽഡ് ഡ്യൂട്ടികളിൽ നിന്നും ക്രമസമാധാന ചുമതലകളിൽ നിന്നും മാറിനിന്ന ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിലേക്ക് മാറ്റുന്ന പോലീസ് അഴിച്ചുപ്പണിയുടെ ആദ്യ ഘട്ടമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തുവരുമെന്നാണ് സൂചന.
Story Summary: In a major reshuffle within the Kerala Police, the Home Department has transferred the top leaders of the Police Officers Association. State President Prashanth, a prominent leftist union leader who spent 10 years in the Special Branch without uniform duty, has been posted as the Museum SHO, which oversees Cliff House security. General Secretary C.R. Biju has been transferred to Kochi City, marking the beginning of a larger reshuffle under the new government.

