വാഷിങ്ടൺ: ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ഭർത്താവ് അടിക്കടി മുറിയിൽ കയറി വന്ന് അന്വേഷിക്കുന്നത് തനിക്ക് ‘അലോസരമുണ്ടാക്കുന്നു’ എന്ന് ആരോപിച്ച് 69-കാരനായ ഭർത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അലബാമയിലെ റസ്സൽവില്ലിലാണ് ദാരുണമായ സംഭവം നടന്നത്. 15 വർഷമായി ഒരുമിച്ച് ജീവിച്ചിരുന്ന ഭർത്താവ് തിമോത്തി ക്ലട്ട്സിനെയാണ് ഭാര്യ ഷെറി മിച്ചൽ ക്ലട്ട്സ് (65) വെടിവെച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം.(US Woman Kills Husband For Checking On Her Post Open Heart Surgery Alabama Crime)
കൊലപാതകത്തിന് ശേഷം ഷെറി തന്നെ ഒടുവിൽ എമർജൻസി സർവീസിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഭർത്താവിൽ നിന്നും തനിക്ക് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ അലോസരപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു ഷെറി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. രണ്ടാഴ്ച മുൻപ് ഷെറി ഒരു ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായിരുന്നു. മുറിയിൽ വിശ്രമിക്കുന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥ അന്വേഷിക്കാനായി തിമോത്തി അടിക്കടി മുറിയിൽ വരുന്നത് ഷെറിയെ കടുത്ത രീതിയിൽ ദേഷ്യം പിടിപ്പിച്ചിരുന്നു.
ഇതിൽ അലോസരപ്പെട്ട് ഭർത്താവിനെ വകവരുത്താൻ ഒരു ഹാൻഡ്ഗണ്ണുമായി ഷെറി കാത്തിരുന്നു. എന്നാൽ തിമോത്തി പിന്നീട് മുറിയിലേക്ക് വരാതിരുന്നതിനെത്തുടർന്ന്, തോക്കുമായി പുറത്തിറങ്ങി തിരഞ്ഞ ഷെറി ലിവിംഗ് റൂമിലെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന തിമോത്തിയുടെ നെഞ്ചിലേക്ക് നേരിട്ട് വെടിയുതിർക്കുകയായിരുന്നു. സിംഗിൾ ഷോട്ട് നെഞ്ചിൽ ഏറ്റ തിമോത്തി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. പ്രതിയായ ഷെറിയെ ഫ്രാങ്ക്ലിൻ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്. ഇവർക്ക് കോടതി ജാമ്യം നിഷേധിച്ചു. രണ്ട് പേരും തമ്മിൽ മറ്റെന്തെങ്കിലും തർക്കങ്ങളോ മറ്റ് മാനസിക പ്രശ്നങ്ങളോ നിലനിന്നിരുന്നോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് ഫ്രാങ്ക്ലിൻ കൗണ്ടി ഷെരീഫ് ഷാനൻ ഒലിവർ വ്യക്തമാക്കി.
Story Summary
A 65-year-old US woman, Sheri Mitchell-Clutts from Alabama, has been arrested for shooting and killing her 69-year-old husband, Timothy Clutts. She confessed to the police that she murdered him because he was constantly checking on her and irritating her while she was recovering from open-heart surgery.

