ബീജിങ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനം പൂർത്തിയാക്കി പ്രതിനിധി സംഘം മടങ്ങുന്നതിനിടെ കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചൈനീസ് അധികൃതർ നൽകിയ മുഴുവൻ സാമഗ്രികളും യുഎസ് ഉദ്യോഗസ്ഥർ വിമാനത്തിന് പുറത്ത് ഉപേക്ഷിച്ചു (Trump China Visit Security Protocol). വെള്ളിയാഴ്ച ബീജിങ്ങിൽ നിന്നും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപായി മാധ്യമപ്രവർത്തകരുടെ പ്രസ്സ് പാസ്സുകൾ, വൈറ്റ് ഹൗസ് ജീവനക്കാർക്ക് നൽകിയ താത്കാലിക ബർണർ ഫോണുകൾ, പ്രതിനിധി സംഘത്തിന്റെ ബാഡ്ജുകൾ എന്നിവയെല്ലാം വിമാനത്തിന്റെ കോണിപ്പടിക്ക് താഴെ വെച്ചിരുന്ന ചവറ്റുകുട്ടയിലേക്ക് ശേഖരിച്ച് മാറ്റുകയായിരുന്നു. ചൈനയിൽ നിന്നുള്ള ഒരു വസ്തുവും ഔദ്യോഗിക വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർ വെളിപ്പെടുത്തി.
ക്യാമറകൾക്ക് മുന്നിൽ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സൗഹൃദം നടിച്ചെങ്കിലും പിന്നിൽ ഇരുരാജ്യങ്ങളിലെയും മാധ്യമ-സുരക്ഷാ സംഘങ്ങൾ തമ്മിൽ കടുത്ത അസ്വാരസ്യങ്ങളാണ് നിലനിന്നിരുന്നത്. ബീജിങ്ങിലെ ടെംപിൾ ഓഫ് ഹെവനിലെ കൂടിക്കാഴ്ചയ്ക്കിടെ തോക്ക് കൈവശം വെച്ചെന്ന കാരണത്താൽ യുഎസ് സീക്രട്ട് സർവീസ് ഏജന്റിനെ ചൈനീസ് സുരക്ഷാ വിഭാഗം തടഞ്ഞത് വലിയ തർക്കത്തിന് കാരണമായിരുന്നു. കൂടാതെ മടക്കയാത്രയിൽ യുഎസ് മാധ്യമപ്രവർത്തകരെ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനൊപ്പം പോകുന്നതിൽ നിന്നും ചൈനീസ് ഉദ്യോഗസ്ഥർ വിലക്കാൻ ശ്രമിച്ചതും ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കങ്ങൾക്ക് വഴിവെച്ചു. മുൻപ് 2016-ൽ ബരാക് ഒബാമയുടെ ചൈന സന്ദർശനവേളയിലും സമാനമായ രീതിയിൽ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി പരസ്യമായി തർക്കത്തിലേർപ്പെട്ടിരുന്നു.
Summary: Before boarding Air Force One in Beijing, U.S. officials and traveling press discarded all items handed out by Chinese authorities, including press credentials, delegation pins, and official burner phones, citing strict security protocols. While President Donald Trump and Xi Jinping displayed a cordial demeanor publicly, backstage relations between American and Chinese security teams were highly strained. Incidents included a Secret Service agent being temporarily blocked at the Temple of Heaven for carrying a firearm and brief standoffs over media access to the presidential motorcade.

