ജയ്പൂർ: രാജ്യത്തെ പ്രമുഖ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 പേപ്പർ ചോർച്ചക്കേസിലെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതികളിലൊരാളായ ദിനേഷ് ബിവാൽ തന്റെ മകൻ ഋഷി ബിവാലിന് വേണ്ടിയാണ് മറ്റൊരു പ്രതിയായ യഷ് യാദവിൽ നിന്ന് ലക്ഷങ്ങൾ നൽകി ചോദ്യപേപ്പർ വാങ്ങിയതെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ കണ്ടെത്തി (NEET UG Paper Leak Case). ഇത്തവണ നീറ്റ് പരീക്ഷ എഴുതിയ ഋഷിയുടെ പന്ത്രണ്ടാം ക്ലാസ് മാർക്ക്ലിസ്റ്റ് പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. രാജസ്ഥാൻ ബോർഡ് പരീക്ഷയിൽ വെറും 50.80 ശതമാനം മാർക്കോടെ (500-ൽ 254 മാർക്ക്), ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് ഈ വിദ്യാർത്ഥി ജയിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളുടെ തിയറി പരീക്ഷകളിൽ ഈ വിദ്യാർത്ഥിക്ക് വളരെ കുറഞ്ഞ മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. രാജസ്ഥാനിലെ ജാംവ രാംഗഢ് കേന്ദ്രീകരിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചതിനെക്കുറിച്ചും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലും ഈ സംഘം സജീവമായിരുന്നോ എന്നാണ് ഏജൻസി പരിശോധിക്കുന്നത്. പരീക്ഷയ്ക്ക് 15 മണിക്കൂർ മുൻപ് തന്നെ സീക്കറിലെ വിവിധ കോച്ചിങ് സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നതായും മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ രാകേഷ് മാണ്ഡവരിയയെ നിലവിൽ സിബിഐ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Summary: The CBI investigation into the NEET UG 2026 paper leak case has revealed that accused Dinesh Bival allegedly purchased the leaked question paper from Yash Yadav for his son, Rishi. Educational records surfaced showing Rishi cleared his Class 12 exams with a mere 50.80% and required grace marks to pass, scoring poorly in Physics and Chemistry theory. The CBI has widened its probe to an entire family in Rajasthan where five members secured medical admissions, suspecting a deep-rooted, interstate organized network that distributed the paper 15 hours before the exam.

