ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണികൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെ സർക്കാരിന് പിന്തുണയുമായി എഐഎഡിഎംകെയിലെ ഒരു വിഭാഗം. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള 24 എംഎൽഎമാരാണ് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 234 അംഗ നിയമസഭയിൽ ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 145 ആയി ഉയർന്നു.(24 AIADMK MLAs Support CM Vijay Government Strength Rises To 145)
എടപ്പാടി പളനിസ്വാമിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് വലിയൊരു വിഭാഗം എംഎൽഎമാർ വിജയ് പക്ഷത്തേക്ക് നീങ്ങിയത്. ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇപിഎസ് ശ്രമിച്ചതാണ് എംഎൽഎമാരെ ചൊടിപ്പിച്ചത്. ഡിഎംകെയുമായി ചേർന്ന് ഇപിഎസ് മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കം സ്വീകാര്യമല്ലെന്ന് എസ്.പി. വേലുമണി വ്യക്തമാക്കി.
അണ്ണാഡിഎംകെയിൽ നിലവിൽ ഇപിഎസിനൊപ്പം 23 എംഎൽഎമാർ മാത്രമാണുള്ളത്. 24 പേർ വിജയ് പക്ഷത്തേക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ അധികാര വടംവലി രൂക്ഷമായി. എൻഡിഎ സഖ്യകക്ഷിയായ ടി.ടി.വി. ദിനകരന്റെ എഎംഎംകെയിലെ ഏക എംഎൽഎ എസ്. കാമരാജും വിജയ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് നിയമസഭയിൽ വ്യക്തമാക്കി. കാമരാജിന്റെ പിന്തുണക്കത്ത് വ്യാജമാണെന്ന് ആരോപിച്ച് ദിനകരൻ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ സഭയ്ക്കുള്ളിൽ തന്നെ പിന്തുണ അറിയിച്ചതോടെ ദിനകരൻ രാഷ്ട്രീയമായി പ്രതിരോധത്തിലായി.
120 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയ്ക്ക് 24 എഐഎഡിഎംകെ എംഎൽഎമാരുടെയും ഒരു എഎംഎംകെ എംഎൽഎയുടെയും പിന്തുണ ലഭിച്ചതോടെ ഭൂരിപക്ഷം 145 ആയി. ഇതോടെ വിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിജയിക്കുക എന്നത് വിജയ്‌ക്ക് അനായാസമായി.
Story Summary
A group of 24 AIADMK MLAs, led by C.V. Shanmugam and S.P. Velumani, has extended support to CM Vijay’s TVK government in Tamil Nadu. With AMMK’s lone MLA S. Kamaraj also backing Vijay, the government’s strength has risen to 145, ensuring a smooth floor test and dealing a blow to EPS.

