പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊന്ന കേസിൽ മൂന്ന് പേർ പിടിയിലായി. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പോലീസ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ വിശാൽ ശ്രീവാസ്തവ, രാജ് സിംഗ്, മായങ്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് (Chandranath Rath Murder Case). കൊൽക്കത്തയ്ക്ക് സമീപമുള്ള ബാലി ടോൾ പ്ലാസയിൽ പ്രതികൾ നടത്തിയ യുപിഐ പേയ്‌മെന്റാണ് കൊലയാളികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ വടക്കൻ 24 പർഗാനാസിലെ മധ്യഗ്രാമിലുള്ള വീടിന് വെറും 200 മീറ്റർ അകലെ വെച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. തന്റെ മഹീന്ദ്ര സ്കോർപിയോ കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു നിസാൻ മൈക്ര കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തുകയും പിന്നാലെ ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ കാർ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലും ബൈക്കിലുമായി രക്ഷപ്പെട്ടു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, പ്രതികൾ ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയത് കണ്ടെത്തിയതാണ് കേസിൽ നിർണ്ണായകമായത്. ഈ ഡിജിറ്റൽ തെളിവ് പിന്തുടർന്നാണ് പോലീസ് ഉത്തർപ്രദേശിലും ബിഹാറിലും പരിശോധന നടത്തി പ്രതികളെ വലയിലാക്കിയത്.
Summary: Three suspects, identified as Vishal Srivastava, Raj Singh, and Mayank, have been arrested in connection with the murder of Chandranath Rath, PA to West Bengal CM Suvendu Adhikari. The arrest was made possible after tracking a UPI payment made by the suspects at a toll booth.

