ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിനിടെ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി (Kerala CM Selection). ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ നീക്കം ചെയ്യണമെന്നും തെരുവിലെ പോരുകൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ നിർദ്ദേശിച്ചു. പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് ഇത്തരം പ്രകടനങ്ങൾ കാരണമാകുന്നുണ്ട്. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുതെന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിയുടെ ചിത്രം മോശമാക്കാൻ അനുവദിക്കില്ലെന്നും മൂവരും വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനായി ദില്ലിയിൽ നടന്ന നിർണ്ണായക ചർച്ചകൾ പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് പ്രതിനിധി ദീപദാസ് മുൻഷി അറിയിച്ചു. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Summary: In a unified call for peace, K.C. Venugopal, V.D. Satheesan, and Ramesh Chennithala urged Congress workers to stop public demonstrations and remove flex boards immediately. Despite a three-hour high-level meeting in Delhi, the decision on Kerala’s next CM remains pending and will be finalized by Mallikarjun Kharge and Rahul Gandhi.

