ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പേരും ശബ്ദവും ചിത്രങ്ങളും അനുവാദമില്ലാതെ ഡീപ് ഫേക്ക് വീഡിയോകൾക്കായി ഉപയോഗിക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞു. തരൂരിന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. രാഷ്ട്രീയമായി ദോഷകരമായ പ്രസ്താവനകൾ തരൂർ നടത്തുന്ന രീതിയിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടി.(Shashi Tharoor Deepfake Case, Delhi High Court Protects Shashi Tharoors Personality Rights)
പാക്കിസ്ഥാന്റെ നയതന്ത്ര തന്ത്രങ്ങളെ തരൂർ പ്രശംസിക്കുന്നതായും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നതായും കാണിക്കുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു. ഇവ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളാണെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. തരൂരിന്റെ മുഖം, ശബ്ദം, സംസാരശൈലി എന്നിവ ക്ലോൺ ചെയ്താണ് വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെയും ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
തന്റെ പേരും വ്യക്തിത്വവും ദുരുപയോഗം ചെയ്തതിന് 2,00,05,000 രൂപ നഷ്ടപരിഹാരമായും തരൂർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇത്തരം വീഡിയോകൾ നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾക്ക് കോടതി നിർദ്ദേശം നൽകി. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. വ്യാജ വീഡിയോകൾ തിരിച്ചറിയപ്പെട്ടാലും പുതിയ യുആർഎൽ വഴി അവ വീണ്ടും പ്രചരിക്കുകയാണെന്ന് തരൂർ കോടതിയെ ധരിപ്പിച്ചു. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്ലാറ്റ്ഫോമുകൾക്ക് കോടതി സ്വാതന്ത്ര്യം നൽകി. കേസുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് നാല് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.
Story Summary
The Delhi High Court has passed an interim order protecting the personality rights of Shashi Tharoor, restraining the unauthorized use of his name, voice, and image for AI-generated deepfake videos. The court’s decision comes after reports of fabricated videos showing Tharoor making sensitive political remarks surfaced online.

