Sunday, February 8, 2026
HomeCrimeശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പുതിയ നീക്കവുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പുതിയ നീക്കവുമായി പൊലീസ്; കൂടുതൽ കേസുകൾ എടുത്തേക്കും, മിനുട്സ് തിരുത്തിയതിൽ എ പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാൻ കർശന നീക്കങ്ങളുമായി പൊലീസ്. നിലവിലുള്ള കേസുകൾക്ക് പുറമെ പോറ്റിക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.(Sabarimala gold theft case, Police take new steps to prevent Unnikrishnan Potty from leaving)

തിരുവനന്തപുരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെ ലഭിച്ച പരാതികളാണ് പൊലീസ് ഇപ്പോൾ പൊടിതട്ടിയെടുക്കുന്നത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച സാമ്പത്തിക തട്ടിപ്പ് പരാതികളിൽ ഉടൻ കേസെടുത്തേക്കും. വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചു എന്ന പരാതികളിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുകയാണ്. ഈ കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചാലും മറ്റ് കേസുകളിൽ കുരുക്കി ജയിലിന് പുറത്തെത്തുന്നത് തടയാൻ പൊലീസ് നീക്കം നടത്തുന്നത്.

ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളിൽ ക്രമക്കേട് നടത്തി ചെമ്പാക്കി മാറ്റിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സ് തിരുത്തിയത് മുൻ പ്രസിഡന്റ് എ. പത്മകുമാർ നേരിട്ടാണോ എന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചു.

സ്വർണ്ണം മാറ്റിയതുമായി ബന്ധപ്പെട്ട മിനുട്സ് രേഖകളിൽ തിരുത്തലുകൾ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എ. പത്മകുമാറിന്റെ കയ്യക്ഷര സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുന്നിൽ നിരവധി നിയമപരമായ തടസ്സങ്ങളുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ കുറ്റപത്രം നൽകണമെങ്കിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മുൻകൂർ അനുമതി ആവശ്യമാണ്.

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനും പ്രോസിക്യൂഷൻ അനുമതി കിട്ടാനും കാലതാമസമെടുക്കും. അന്വേഷണവും കുറ്റപത്രവും വൈകുന്നത് പ്രതികൾക്ക് സഹായകരമാകുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates