കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery Pinarayi Vijayan Post). “നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്” എന്നായിരുന്നു ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയന്റെ ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ലിജോയുടെ ഈ പരസ്യ പിന്തുണയെന്നത് ശ്രദ്ധേയമാണ്. പ്രളയം, മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ മുഖ്യമന്ത്രി നൽകിയ കരുത്തുറ്റ നേതൃത്വത്തെ സ്മരിക്കുകയാണ് സംവിധായകൻ തന്റെ പോസ്റ്റിലൂടെ.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽ.ഡി.എഫ് നേരിട്ടത്. 102 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം പിടിച്ചപ്പോൾ എൽ.ഡി.എഫിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.
പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തും ഇത്തവണ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. കഴിഞ്ഞ തവണ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ഇത്തവണ 19,000 വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിൽ അദ്ദേഹം പിന്നിലായിപ്പോയതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. പരാജയത്തിന് പിന്നാലെ പിണറായി വിജയൻ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Story Summary: Acclaimed director Lijo Jose Pellissery extended his support to Pinarayi Vijayan following the LDF’s massive defeat in the 2026 Kerala Assembly elections. While the Chief Minister faced criticism after the UDF swept 102 seats, Lijo thanked him for leading the state through its toughest times.

