കൊല്ലം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ 15 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു (Boy Assaulted by Stepfather). പുനലൂർ താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. പുനലൂരിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ മകനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ടാനച്ഛനെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലിന് പരിക്കേറ്റ് ചികിത്സ തേടിയാണ് വീട്ടമ്മ ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക് ചായ വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആശുപത്രിയിലെത്തിയ രണ്ടാനച്ഛൻ കുട്ടിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു.
അതേസമയം , പ്രതി മുൻപും പലതവണ കുട്ടിയെയും തന്നെയും മർദ്ദിച്ചിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞു. ഇയാളുടെ ഉപദ്രവം ഭയന്ന് പല ദിവസങ്ങളിലും അയൽവീടുകളിലാണ് ഇവർ അഭയം തേടിയിരുന്നത്. കുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് പ്രതി സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും വീട്ടമ്മ വെളിപ്പെടുത്തി. സംഭവത്തിൽ ചൈൽഡ് ലൈൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പുനലൂർ പോലീസ് അറിയിച്ചു.
Story Summary: A 15-year-old boy was brutally assaulted by his stepfather at Punalur Taluk Hospital while attending to his ailing mother. Following the incident, hospital authorities alerted the police and Childline, leading to the stepfather’s custody and an investigation into long-term domestic abuse.

