കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മമതയുടെയും അഭിഷേകിൻ്റെയും സുരക്ഷ വെട്ടിക്കുറച്ചു. കൊൽക്കത്തയിലെ പ്രധാന കേന്ദ്രങ്ങളിലെ പോലീസ് കാവലാണ് പിൻവലിച്ചത്. മമത ബാനർജിയുടെ വസതിയായ ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, തൃണമൂൽ ആസ്ഥാനമായ കാളിഘട്ട് റോഡ്, അഭിഷേക് ബാനർജിയുടെ ഓഫീസുള്ള കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ബുധനാഴ്ച രാവിലെ 6:30-ഓടെ മാറ്റിയത്.(Mamata Banerjee Abhishek Banerjee Security Scaled Down West Bengal Election 2026)
മമത ബാനർജിക്ക് നിലവിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ ഇതിനുപുറമെ നൽകിയിരുന്ന വൻ പോലീസ് സേനയെയും അധിക സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചു. അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഹൈടെക് ‘സിസർ ബാരിക്കേഡുകൾ’ മാറ്റി സാധാരണ ഗാർഡ് റെയിലുകൾ സ്ഥാപിച്ചു. കൊൽക്കത്ത പോലീസ് ആസ്ഥാനത്ത് നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
ഏപ്രിലിൽ നടന്ന രണ്ട് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. ആകെ 294 സീറ്റുകളിൽ 207 എണ്ണം ബിജെപി നേടിയപ്പോൾ തൃണമൂലിന് 80 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പശ്ചിമ ബംഗാളിലെ തൃണമൂലിന്റെ 15 വർഷത്തെ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമായത്. സർക്കാർ മാറിയതിന് പിന്നാലെ പശ്ചിമ ബംഗാൾ അഡ്വക്കേറ്റ് ജനറൽ ഗവർണർക്ക് രാജിക്കത്ത് നൽകി. പുതിയ ബിജെപി സർക്കാർ അധികാരമേൽക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
Story Summary
Following the TMC’s defeat in the 2026 West Bengal Assembly elections, security at the residences and offices of Mamata Banerjee and Abhishek Banerjee has been scaled down. High-tech barriers were replaced with manual guardrails, and additional police beyond the Z+ category were withdrawn. Meanwhile, Advocate General Kishore Datta has tendered his resignation to the Governor.

