ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡിഎംകെ-കോൺഗ്രസ് ബന്ധം വൻ പ്രതിസന്ധിയിൽ. ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തിയ വിജയുടെ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് ആലോചിക്കുന്നതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. ഡിഎംകെയുടെ തണലിലുളളത് കൊണ്ടാണ് ഇത്തവണ കോൺഗ്രസിന് അഞ്ച് സീറ്റെങ്കിലും കിട്ടിയതെന്നും ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ സംപൂജ്യരായേനെ എന്നും ഡിഎംകെ പരിഹസിച്ചു.(DMK Slams Congress Over Potential Alliance With Vijay TVK In Tamil Nadu)
വിജയുടെ പാർട്ടിയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ഡിഎംകെ ആരോപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിജയ് ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. വിജയത്തിന് പിന്നാലെ വിജയ് ആദ്യം നന്ദി പറഞ്ഞത് മോദിക്കാണെന്നും ഇത്തരം ഒരാളെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നത് എങ്ങനെയെന്നും ശരവണൻ അണ്ണാദുരൈ ചോദിച്ചു. പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ള ഇന്ത്യ സഖ്യത്തിന് വിരുദ്ധമാണ് കോൺഗ്രസ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവികെയുമായുള്ള സഖ്യകാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് തമിഴ്നാട് ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ നടക്കുന്ന നിർണ്ണായക യോഗത്തിൽ കോൺഗ്രസ് അന്തിമ നിലപാട് വ്യക്തമാക്കും. നേരത്തെ അധികാരം പങ്കിടുന്ന കാര്യത്തിൽ ഡിഎംകെ വിമുഖത കാണിച്ചത് കോൺഗ്രസിനെ അതൃപ്തരാക്കിയിരുന്നു. ഇതിനിടെയാണ് വിജയുടെ പാർട്ടിയിൽ നിന്ന് പിന്തുണ തേടിയുള്ള വാഗ്ദാനം വരുന്നത്. ഡിഎംകെ-കോൺഗ്രസ് സഖ്യം ഇതോടെ അവസാനിക്കുമോ എന്ന ചോദ്യത്തിന്, “തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്” എന്നായിരുന്നു ഡിഎംകെയുടെ മറുപടി.
Story Summary
The DMK has slammed the Congress for considering a tie-up with Vijay’s TVK, calling it a “backstabbing” move. DMK leaders alleged that Vijay is aligned with the BJP’s ideology and warned that Congress’s decision will determine the future of their long-standing alliance.

