കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഭരണപക്ഷത്തെ പരിഹസിച്ചും എൻഡിഎയുടെ മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ചും നടി ലക്ഷ്മിപ്രിയ (Lakshmipriya ). കേരളത്തിലെ പത്ത് വർഷത്തെ ഭരണവിരുദ്ധതയ്‌ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയാണ് ഈ ഫലമെന്ന് ലക്ഷ്മിപ്രിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്റ്റൻ’ എന്ന് സംബോധന ചെയ്ത് പരിഹസിക്കാനും താരം മറന്നില്ല.
ചാണ്ടി ഉമ്മൻ, കെ.കെ. രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയങ്ങൾ തനിക്ക് വ്യക്തിപരമായി വലിയ സന്തോഷം നൽകുന്നതാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ഉമ്മൻചാണ്ടിയോട് കാട്ടിയ നെറികേടിന് ജനം നൽകിയ മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും, ടി.പി. ചന്ദ്രശേഖരന്റെ ചരമദിനത്തിൽ തന്നെ കെ.കെ. രമ നേടിയ വിജയം മധുരപ്രതികാരമാണെന്നും താരം വിശേഷിപ്പിച്ചു. സ്വന്തം പാർട്ടി ഒതുക്കാൻ ശ്രമിച്ചിട്ടും ജനപിന്തുണയോടെ ജയിച്ചുകയറിയ ബിന്ദു കൃഷ്ണയെ ‘പെണ്ണൊരുത്തി’ എന്നാണ് ലക്ഷ്മിപ്രിയ വിശേഷിപ്പിച്ചത്.
പാലക്കാട് ശോഭ സുരേന്ദ്രന്റെ പരാജയത്തിൽ നിരാശയുണ്ടെങ്കിലും സുഹൃത്തും സഹപ്രവർത്തകനുമായ രമേശ് പിഷാരടി അവിടെ വിജയിച്ചത് ആശ്വാസകരമാണെന്ന് താരം കുറിച്ചു. മാണി സി. കാപ്പന്റെ വിജയത്തിലും ലക്ഷ്മിപ്രിയ സന്തോഷം പ്രകടിപ്പിച്ചു. ഇരുവരും സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളാണെന്നും താരം ഓർമ്മിപ്പിച്ചു. കെ. സുധാകരന് കോൺഗ്രസ് സീറ്റ് നൽകണമായിരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ ഉണ്ടാകേണ്ട നേതാവാണെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു.
എൻഡിഎ സഖ്യം എട്ട് സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകൾ നേടിയത് വലിയ നേട്ടമാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. “താമര വിരിയില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ ഒന്നല്ല, രണ്ടല്ല മൂന്ന് പൊൻ താമരകൾ വിരിഞ്ഞു. 2029 ഞങ്ങളുടേതാകും. താമര ഫ്ലവർ അല്ല ഫയർ ആണ്,” ലക്ഷ്മിപ്രിയ കുറിച്ചു.
അകമ്പടി വാഹനങ്ങളുമായി ഗമയിൽ നടന്നിരുന്ന ‘ക്യാപ്റ്റൻ’ ഇനി പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർക്കുമ്പോൾ ചിരി വരുന്നുണ്ടെന്നും താരം പരിഹസിച്ചു. അഴിമതി നിറഞ്ഞ ഭരണത്തെ വോട്ടിലൂടെ പുറത്താക്കിയ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിപ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Story Summary: Actress Lakshmipriya reacted to the Kerala Election results, calling it a strong mandate against anti-incumbency and corruption. While celebrating the victory of three BJP candidates and friends like Ramesh Pisharody, she also took a satirical dig at CM Pinarayi Vijayan.

